Wednesday, November 16, 2011

ഫ്‌ളാഗ്ഓഫ് ഇന്ന് രാജ്യറാണി ഇന്നുമുതല്‍ ഓടിത്തുടങ്ങിയേക്കും



നിലമ്പൂര്‍: ബുധനാഴ്ച നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്യുന്ന 'രാജ്യറാണി' എക്‌സ്​പ്രസ് ഇന്നുമുതല്‍ തന്നെ ഓടിത്തുടങ്ങുമെന്നറിയുന്നു. ബുധനാഴ്ച ഉദ്ഘാടനം കഴിഞ്ഞ് വ്യാഴാഴ്ച മുതലാണ് വണ്ടി ഓടിത്തുടങ്ങുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച ഉച്ചയോടെയാണ് പുതിയ നിര്‍ദേശം റെയില്‍വേ അധികൃതര്‍ക്ക് ലഭിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ സ്റ്റേഷനിലെത്തിയ രാജ്യറാണിയുടെ ഏഴ് കോച്ചുകളും എന്‍ജിനും ബുധനാഴ്ച 9.15നുള്ള ഉദ്ഘാടനത്തിനുശേഷം ഷൊറണൂരിലേക്ക് ഓടിക്കും. വൈകുന്നേരം ഷൊറണൂരില്‍ നിന്ന് തിരിച്ചെത്തിക്കുന്ന വണ്ടി രാത്രി 8.40ന് തിരുവനന്തപുരത്തേക്ക് കന്നിഓട്ടം നടത്തും.

നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വിവിധ വിഭാഗം എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടത്തില്‍ ഉദ്ഘാടന ഓട്ടത്തിനുള്ള അവസാന മിനുക്കുപണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി.

രാവിലെ 7.20ന് നിലമ്പൂരിലെത്തുന്ന വണ്ടി ഒന്നാമത് ട്രാക്കിലെത്തി യാത്രക്കാരെ ഇറക്കിയതിനുശേഷം മൂന്നാമത് ട്രാക്കില്‍ ആയിരിക്കും പകല്‍ മുഴുവന്‍ നിര്‍ത്തിയിടുക. രാത്രി തിരികെ ഒന്നാംട്രാക്കിലെത്തി യാത്രക്കാരെ കയറ്റി തിരുവനന്തപുരത്തേക്ക് പോകും. ഒന്നില്‍നിന്ന് മൂന്നിലേക്ക് മാറ്റുമ്പോഴും രാത്രി വീണ്ടും മൂന്നില്‍നിന്ന് ഒന്നാമത് ട്രാക്കിലേക്ക് തന്നെ മാറ്റുമ്പോഴും സ്റ്റേഷനടുത്തുള്ള നിലമ്പൂര്‍-കാളികാവ് സംസ്ഥാനപാതയിലെ ലെവല്‍ക്രോസ് അടച്ചിടേണ്ടിവരും. ട്രാക്ക് മാറുന്നതിന് ബ്രിട്ടീഷുകാരുടെ കാലത്തുള്ള കീ സമ്പ്രദായം തന്നെ തുടരുന്നതിനാല്‍ മുക്കാല്‍ മണിക്കൂറോളം സമയം ഇതിന് വേണ്ടിവരും.

കേന്ദ്ര റെയില്‍വേസഹമന്ത്രി കെ.എച്ച്. മുനിയപ്പയും കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദും സംയുക്തമായി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷതവഹിക്കും. എം.ഐ. ഷാനവാസ് എം.പി. വിശിഷ്ടാതിഥി ആയിരിക്കും. നിലമ്പൂര്‍നഗരസഭാധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

ടെലി കമ്യൂണിക്കേഷന്‍, സിഗ്‌നല്‍ വിഭാഗം ഉദ്യോഗസ്ഥരും ചൊവ്വാഴ്ച സ്ഥലത്തെത്തി പ്രവൃത്തികളും ഒരുക്കങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി. ഉദ്ഘാടന പരിപാടിയുടെ ക്ഷണക്കത്തുകള്‍ ചൊവ്വാഴ്ചയാണ് നിലമ്പൂരിലെത്തിയത്.

No comments: