Friday, November 4, 2011

       കവളമുക്കട്ടയില്‍ പുലി പശുക്കുട്ടിയെ കടിച്ചു



പൂക്കോട്ടുംപാടം: കവളമുക്കട്ട ജനവാസകേന്ദ്രത്തില്‍ പുലിയിറങ്ങി. കൈപ്പനശ്ശേരി നാസറിന്റെ നാലുമാസം പ്രായമുള്ള പശുക്കുട്ടിയെ ആക്രമിച്ചു. പശുക്കുട്ടിയുടെ കഴുത്തിന് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പശുക്കുട്ടിയുടെ കരച്ചില്‍കേട്ട് വീടിന് പുറത്തിറങ്ങി നോക്കിയപ്പോള്‍ പശുക്കുട്ടിയെ വിട്ട് പുലി ഓടുകയായിരുന്നെന്ന് നാസര്‍ പറഞ്ഞു. സമീപത്തായി പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തി. ടി.കെ കോളനി ഭാഗത്ത് പുലിയുടെ സാന്നിധ്യം മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും കവളമുക്കട്ടയില്‍ ഇതാദ്യമാണ്. അഞ്ചരഅടിയോളം നീളമുള്ള പുള്ളിപ്പുലിയാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്നാഴ്ചമുമ്പ് ടി.കെ കോളനി അങ്കണവാടിക്ക് സമീപത്തുനിന്ന് ടാപ്പിങ്‌തൊഴിലാളി പുലിയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. പുലര്‍ച്ചെ ബൈക്കില്‍ ജോലിക്ക് പോകുമ്പോള്‍ റോഡിന് കുറുകെ ചാടുകയായിരുന്നു. കൂടാതെ ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയുംചെയ്തു. പത്തോളം വളര്‍ത്തുമൃഗങ്ങളെ കടിച്ച് കൊന്നിട്ടുമുണ്ട്. എന്നാല്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനോ നടപടി സ്വീകരിക്കാനോ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ വനംവകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്. ഇതിനിടയിലാണ് കവളമുക്കട്ടയിലും പുലിയിറങ്ങിയത്. ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനുസമീപം കരുളായി റെയ്ഞ്ചില്‍നിന്നാണ് പുലിയിറങ്ങിയതെന്ന് കരുതുന്നു. കാട്ടാനശല്യംകൂടി സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്.

നെടുങ്കയം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ടി.പി. മുഹമ്മദ്, ട്രെയിനി റെയ്ഞ്ച് ഓഫീസര്‍ സി. അജീഷ്, ഫോറസ്റ്റര്‍ മഞ്ചീരി ബാലന്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. അമരമ്പലം വെറ്ററിനറി സര്‍ജന്‍ മുഹമ്മദ് ബഷീര്‍ പശുക്കുട്ടിയെ പരിശോധിച്ചു. പശുക്കുട്ടിയുടെ ശ്വാസനാളത്തിനാണ് കടിയേറ്റിട്ടുള്ളതെന്ന് ഡോക്ടര്‍ പറഞ്ഞു. നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ സി.വി. രാജന്‍, കാളികാവ് റെയ്ഞ്ച് ഓഫീസര്‍ സജികുമാര്‍ രായരോത്ത് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

No comments: