Sunday, May 22, 2011

ആര്യാടന്‍ നാലാം തവണ; അനില്‍കുമാറിന് രണ്ടാമൂഴം

ആര്യാടന്‍ മുഹമ്മദ് നാലാംതവണ മന്ത്രിപദത്തിലെത്തുമ്പോള്‍ എ.പി.അനില്‍കുമാറിനിത് രണ്ടാമൂഴമാണ്. മലയോര മേഖലയിലെ രണ്ട് ജനപ്രതിനിധികളും ഒരുമിച്ച് മന്ത്രിക്കസേരയിലെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് നാട്. വികസന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

സ്വന്തം തട്ടകമായ നിലമ്പൂരില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ആര്യാടന്‍ ഇത് പതിനൊന്നാം തവണയായിരുന്നു ജനവിധി തേടിയത്. കടുത്ത മത്സരത്തെ മറികടന്നുകൊണ്ട് തന്നെയായിരുന്നു ഇത്തവണ അദ്ദേഹം വിജയം സ്വന്തമാക്കിയത്. ഇനിയൊരിക്കല്‍ക്കൂടി തിരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് ഇതിനിടെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

എട്ടാം തവണയാണ് അദ്ദേഹം വിജയിക്കുന്നത്. ഇതില്‍ ആറും തുടര്‍ച്ചയായ വിയജങ്ങളുമായിരുന്നു. 1980 ലും 1995 ലും 2005 ലുമാണ് ഇതിനുമുമ്പ് ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിട്ടുള്ളത്. 2005-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതിവകുപ്പായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്.

അനില്‍കുമാര്‍ വണ്ടൂര്‍ തന്നെയാണ് തന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ വേദിയാക്കിയത്. മൂന്നുതവണയും വിജയം സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ സാംസ്‌കാരിക മന്ത്രിയുമായിരുന്നു.

ജില്ലയില്‍ ഇത്തവണ വിജയിച്ച രണ്ട് കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചതില്‍ അണികളും ആഹ്ലാദത്തിലാണ്. പ്രത്യേകിച്ചും മലയോര മേഖലയിലെ പ്രധാന വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്കുള്ളത്.

മലയോര കര്‍ഷകരുടെ ഉറക്കംകെടുത്തുന്ന വന്യമൃഗ ശല്യം തടയാന്‍ ഇരുമന്ത്രിമാരും നടപടി കൈക്കൊള്ളണമെന്നും മലയോര കര്‍ഷകര്‍ ആവശ്യപ്പെട്ടു.
(കടപ്പാട് - മാതൃഭൂമി)

Monday, May 2, 2011

ആഢ്യന്‍പാറവെള്ളച്ചാട്ടത്തില്‍ വീണ് 2 പേര്‍ മരണമടഞ്ഞു

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിലമ്പൂരിലെ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് പേര്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശികളായ ജനീഷ്, അമീര്‍ സാദിഖ് എന്നിവരാണ് മരിച്ചത്.

ചരിഞ്ഞുള്ള വെള്ളച്ചാട്ടത്തിനകത്ത് ഒളിഞ്ഞിരിക്കുന്ന ചെറിയ കിണറുകള്‍പോലുള്ള കുഴികളെക്കുറിച്ച് ഇവിടെ വരുന്നവര്‍ക്ക് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. മലപ്പുറം ജില്ലയില്‍ സഞ്ചാരികളെ ഏറ്റവുംകൂടുതല്‍ ആകര്‍ഷിക്കുന്ന വിനോദ കേന്ദ്രങ്ങളിലൊന്നാണ് ആഢ്യന്‍പാറവെള്ളച്ചാട്ടം. ഏതുസമയത്തും വന്‍തിരക്ക് അനുഭവപ്പെടാറുള്ള ഇവിടെ ഇക്കാരണംകൊണ്ടുതന്നെ അപകടത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇവിടെ ലൈഫ്ഗാര്‍ഡിനെ നിയമിക്കണമെന്നും മുന്നറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ചാലിയാര്‍ പഞ്ചായത്ത് അധികൃതര്‍ ഇതേവരെ പരിഗണിച്ചിട്ടില്ല.
(കടപ്പാട് - മാത്യഭൂമി)