Wednesday, November 9, 2011

                    പൂക്കോട്ടുംപാടത്ത് പോലീസ്‌സ്റ്റേഷന്‍:
                       സ്ഥലപരിശോധന നടത്തി



പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്ത് പോലീസ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ അധീനതയിലുള്ള വീട്ടിക്കുന്നിലെ പഴയ ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന സ്ഥലമാണ് സ്റ്റേഷനായി കണ്ടെത്തിയിട്ടുള്ളത്. ആദ്യം സമീപത്തുള്ള സ്വകാര്യ കെട്ടിടത്തില്‍ താത്കാലികമായി പോലീസ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങും. പിന്നീട് 25 സെന്റ് സ്ഥലത്ത് സ്ഥിരം കെട്ടിടം നിര്‍മിക്കും.

1983-ല്‍ കെ. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് പോലീസ്‌സ്റ്റേഷന്‍ നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. സ്ഥലവും കെട്ടിടവും നല്‍കാന്‍ പഞ്ചായത്ത് തയ്യാറായാല്‍ പോലീസ്‌സ്റ്റേഷന്‍ അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് വന്ന ഭരണസമിതികളെല്ലാം പോലീസ്‌സ്റ്റേഷന് സ്ഥലം കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ ചുള്ളിയോട്, പൂക്കോട്ടുംപാടം ടൗണ്‍ ഭാഗങ്ങളില്‍ വാടകക്കെട്ടിടവും സ്ഥലവും കണ്ടെത്താനുള്ള ശ്രമവും നടന്നില്ല.

കെട്ടിടവും സ്ഥലവും ലഭിക്കാതെ അമരമ്പലത്തിനനുവദിച്ച് പോലീസ്‌സ്റ്റേഷന്‍ നഷ്ടമാകുമെന്ന അവസ്ഥയിലായി. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനവുമായി നിലവിലെ ഭരണസമിതി രംഗത്തെത്തിയത്. ഭരണസമിതിയുടെ ഔദ്യോഗിക തീരുമാനത്തിനുശേഷം സ്ഥലം ഏറ്റെടുത്ത് കെട്ടിടനിര്‍മാണത്തിനുള്ള നിര്‍ദേശം ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുമെന്ന് നിലമ്പൂര്‍ സി.ഐ എ.പി. ചന്ദ്രന്‍ പറഞ്ഞു. സ്വകാര്യ കെട്ടിടത്തില്‍ താത്കാലികമായി പോലീസ്‌സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശവും ആഭ്യന്തരമന്ത്രാലയത്തിന് നല്‍കും.

നിലവില്‍ നിലമ്പൂര്‍ പോലീസ്‌സ്റ്റേഷന് കീഴിലാണ് പ്രദേശം വരുന്നത്. പൂക്കോട്ടുംപാടത്ത് പോലീസ്‌സ്റ്റേഷന്‍ വന്നാല്‍ കരുളായി, ചോക്കാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും ഇതിന് കീഴിലാക്കാന്‍ സാധിക്കും. പോലീസ്‌സ്റ്റേഷന്‍ നിര്‍മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലവും താതക്കാലിക കെട്ടിടവും നിലമ്പൂര്‍ സി.ഐ എ.പി. ചന്ദ്രന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. ബഷീര്‍, സ്ഥിരംസമിതി അംഗങ്ങളായ പി.വി. കരുണാകരന്‍, ടി. ശിവദാസന്‍ ഉള്ളാട്, പഞ്ചായത്ത് മെമ്പര്‍മാരായ വി.കെ. അബ്ദു, വി.കെ. ബാലസുബ്രഹ്മണ്യന്‍, ഡി.സി.സി സെക്രട്ടറി എന്‍.എ. കരീം, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.

No comments: