Wednesday, November 16, 2011

രാജ്യറാണി ഓടിത്തുടങ്ങുമ്പോള്‍ ആഹ്ലാദപൂര്‍വം...



മലപ്പുറം: നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്‌സ്​പ്രസ് ഓടിത്തുടങ്ങുമ്പോള്‍ ഒരു സ്വപ്നം സഫലമായതിന്റെ ആഹ്ലാദത്തിലാണ് നിലമ്പൂര്‍-മൈസൂര്‍ റെയില്‍വെ ആക്ഷന്‍ കൗണ്‍സില്‍. 1998ല്‍ ഷൊറണൂര്‍-നിലമ്പൂര്‍ റെയില്‍പാത അടച്ചുപൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ രൂപംകൊണ്ട ജനകീയ കര്‍മ്മസമിതിയാണ് 'നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വെ കൗണ്‍സില്‍'. പിന്നീടത് നിലമ്പൂര്‍-മൈസൂര്‍ ആക്ഷന്‍ കൗണ്‍സിലായി. റെയില്‍വെയുടെ തെറ്റായ നയങ്ങളെ ചെറുക്കാനും നിലമ്പൂര്‍ പാതയുടെ വികസനം നടപ്പാക്കാനും പാതയെ മൈസൂരിനടുത്തുള്ള നഞ്ചന്‍കോടുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൗണ്‍സില്‍ തുടക്കമിട്ടു. സംഘടനയുടെ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഷൊറണൂര്‍-നിലമ്പൂര്‍ പാതയെ വികസനത്തിന്റെ ട്രാക്കിലെത്തിച്ചത്.

തലസ്ഥാനത്തേക്ക് നേരിട്ട് തീവണ്ടി സൗകര്യമില്ലാത്തത് മലപ്പുറം, പാലക്കാട്, വയനാട്, നീലഗിരി പ്രദേശങ്ങളിലുള്ളവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഇതിനായുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഒരു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് രാജ്യറാണി.

ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനംമൂലം രണ്ട് ജോഡി വണ്ടികള്‍ മാത്രം ഓടിയ പാതയില്‍ ഇപ്പോള്‍ ഏഴ് ജോടി വണ്ടികള്‍ ഓടുന്നുണ്ട്. ഇതില്‍ പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ഉള്‍പ്പെടുന്നു.

പാതയിലെ ചെറുതും വലുതുമായ എല്ലാ സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു. നിലമ്പൂര്‍ സ്റ്റേഷനെ 'ആദര്‍ശ്' സ്റ്റേഷനായി പ്രഖ്യാപിച്ചു. നിലമ്പൂരും അങ്ങാടിപ്പുറത്തും പുതിയ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും അനുമതി നല്‍കുകയുംചെയ്തു.

പൂര്‍ത്തീകരിക്കപ്പെടാനുള്ള പദ്ധതികളിലാണ് ഇനി ആക്ഷന്‍ കൗണ്‍സിലിന്റെ ശ്രദ്ധ. റെയില്‍വെ സിഗ്‌നലിങ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളില്‍ നിലവില്‍ ജീവനക്കാരില്ലാത്തതിനാല്‍ നിസ്സാര തടസ്സങ്ങള്‍ പരിഹരിക്കാന്‍പോലും ഷൊറണൂരില്‍ നിന്ന് ജീവനക്കാര്‍ എത്തേണ്ടുന്ന അവസ്ഥയാണ്. ഇതിന് പരിഹാരം കാണേണ്ടതുണ്ട്. അങ്ങാടിപ്പുറത്തും നിലമ്പൂരും പ്രഖ്യാപിച്ച സ്റ്റേഷന്‍ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണം ത്വരപ്പെടുത്താനും അങ്ങാടിപ്പുറത്തും നിലമ്പൂരും റെയില്‍വെ സംരക്ഷണസേനയുടെ ഔട്ട്‌പോസ്റ്റ് തുടങ്ങിയ കാര്യങ്ങളില്‍ നടപടിയെടുക്കുന്നതിനുമാവും നിലമ്പൂര്‍-മൈസൂര്‍ റെയില്‍വെ ആക്ഷന്‍ കൗണ്‍സിലിന്റെ ഇനിയുള്ള ശ്രമങ്ങള്‍.

No comments: