Thursday, January 5, 2012


നിലമ്പൂരില്‍ ഗ്യാസ് ശ്മശാനം വരുന്നു


നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭ 100ദിന കര്‍മപദ്ധതിയില്‍ ആധുനിക ഗ്യാസ് ശ്മശാനം നിര്‍മിക്കും.

എം.പി. ഫണ്ടില്‍നിന്നും 20 ലക്ഷം രൂപ ഇതിന് അനുവദിച്ചതായി നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു. നിലമ്പൂര്‍ കോടതിക്ക് സമീപം വൈദ്യുതഭവനോട് ചേര്‍ന്നുള്ള നഗരസഭയുടെ 30 സെന്റിലാണ് ശ്മശാനം വരിക. ശവശരീരം ദഹിപ്പിക്കുന്നതിനുള്ള കെട്ടിടവും കര്‍മങ്ങള്‍ ചെയ്യാനുള്ള കെട്ടിടവും ആദ്യം നിര്‍മിക്കും.


രണ്ടുമാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കും. രണ്ടാംഘട്ടത്തില്‍ ചുറ്റുമതിലും പൂന്തോട്ടവും നിര്‍മിക്കും. ഒരു ശവസംസ്‌കാരത്തിന് രണ്ടര മുതല്‍ മൂന്നുമണിക്കൂര്‍ വരെയാണ് എടുക്കുക. ശ്മശാനത്തിന് വെള്ളിയാഴ്ച എം.ഐ. ഷാനവാസ് എം.പി. തറക്കല്ലിടും.


വലിയതോട്ടിലെ നീരൊഴുക്ക് നിലച്ചു; ചേലോട് പാടശേഖരത്തില്‍ നെല്‍കൃഷി പ്രതിസന്ധിയില്‍
 2


പൂക്കോട്ടുംപാടം: വലിയ തോട്ടിലൂടെയുള്ള നീരൊഴുക്ക് നിലച്ചതോടെ ചേലോട് പാടശേഖരത്തില്‍ രണ്ടാംവിളയിറക്കിയ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയിലായി. അമരമ്പലം പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമാണിത്. വാകപ്പാടം, ചേലോട്, അരക്കംപൊയില്‍ ഭാഗങ്ങളില്‍ 125 ഹെക്ടറോളം സ്ഥലത്താണ് പാടശേഖരം സ്ഥിതി ചെയ്യുന്നത്.

വലിയ തോട്ടിലൂടെയുള്ള നീരൊഴുക്ക് നിലച്ചത് ചേലോട് ഭാഗത്തെ കര്‍ഷകരെയാണ് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. 30ല്‍ പരം കര്‍ഷകരാണ് ഇവിടെ രണ്ടാംവിള ഇറക്കിയത്. തുലാം, വൃശ്ചികം മാസങ്ങളില്‍ ഇറക്കിയ വിള കുംഭമാസത്തോടെ മാത്രമേ കൊയ്യാനാകൂ. എന്നാല്‍ ധനു പകുതിയോടെ തന്നെ ജലാംശം കുറഞ്ഞ് പാടങ്ങള്‍ വരണ്ടുതുടങ്ങിയിട്ടുണ്ട്. പാടത്തേക്ക് വെള്ളമെത്തിക്കുവാന്‍ എന്തുചെയ്യുമെന്ന അവസ്ഥയിലാണ് കര്‍ഷകര്‍.

വലിയതോട് ഒഴുകുന്നത് പാടശേഖരത്തേക്കാളും താഴ്ചയിലായതിനാല്‍ തോട്ടിലെ നീരൊഴുക്ക് കുറയുമ്പോള്‍ പാടത്തെ ജലാംശം തോട്ടിലേക്ക് വലിയുന്നതും പാടം വരളുവാന്‍ കാരണമാകുന്നതായി പാടശേഖരസമിതി പ്രസിഡന്റ് കാരാട്ട് സുധാകരന്‍ നായര്‍ പറഞ്ഞു. ഈ അവസ്ഥ തുടര്‍ന്നാല്‍ വേനല്‍ കനക്കുന്നതോടെ നെല്‍കൃഷി പൂര്‍ണമായി ഉണങ്ങിപ്പോകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പാടശേഖരത്തിന് സമീപത്തെ മുണ്ടക്കുളത്തില്‍ നിന്ന് കനാല്‍വഴി വെള്ളം എത്തിക്കുകയോ പാടശേഖരത്തോട് ചേര്‍ന്ന് വലിയ കിണര്‍ നിര്‍മ്മിക്കുകയോ ചെയ്യണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. കിണര്‍ നിര്‍മ്മിക്കാന്‍ കൃഷിവകുപ്പോ ഗ്രാമപ്പഞ്ചായത്തോ തയ്യാറായാല്‍ സ്ഥലം നല്‍കുവാന്‍ കര്‍ഷകര്‍ തയ്യാറാണ്.

ടി.കെ കോളനി ജനവാസകേന്ദ്രത്തില്‍ പുലി



പൂക്കോട്ടുംപാടം: ടി.കെ കോളനിയില്‍ പുലിയുടെ വിളയാട്ടം വീണ്ടും. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ജനവാസകേന്ദ്രത്തിലിറങ്ങിയ പുലി മൂന്നുമണിക്കൂറോളം പരിഭ്രാന്തി പരത്തി. ടി.കെ കോളനി മത്തായിക്കുന്ന് പുല്ലുമല ഭാഗത്താണ് പുലിയിറങ്ങിയത്. പുന്നത്താനത്ത് സോമന്റെ ആടിനെ പുലി പിടിച്ചു. വീടിനുസമീപം പട്ടികകൊണ്ടുണ്ടാക്കിയ കൂട്ടില്‍ മൂന്ന് ആടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നിനെയാണ് കൂട്ടിനടിഭാഗത്തെ പട്ടിക കടിച്ചുമുറിച്ച് പുലി പിടികൂടിയത്. ആടിനെ 20 മീറ്ററോളം ദൂരത്തേക്ക് വലിച്ചുകൊണ്ടുപോയിട്ടുണ്ട്. ശബ്ദംകേട്ട് പുറത്തിറങ്ങിയ സോമന്റെ മക്കളായ പുന്നത്താനത്ത് അഭിലാഷ്, അജീഷ്, അയല്‍വാസിയായ മാട്ടപ്പാടത്ത് സജീവന്‍ എന്നിവരാണ് പുലിയെ നേരില്‍ കണ്ടത്. പുലിക്ക് ഏകദേശം അഞ്ചടിയിലധികം നീളമുണ്ടെന്ന് അഭിലാഷ് പറഞ്ഞു.

ടി.കെ കോളനിയില്‍ തുടര്‍ച്ചയായി മൂന്നാംദിവസമാണ് പുലിയിറങ്ങുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ടി.കെ കോളനിയില്‍ കൊളറിയാടന്‍ അലവിയുടെ ആടിനെ പുലി കടിച്ചുകൊന്നത്. ആക്രമണസ്വഭാവം, ഭക്ഷണരീതി എന്നിവയുടെ അടിസ്ഥാനത്തില്‍ പൂര്‍ണവളര്‍ച്ചയെത്തിയ പുലിയാണ് ആക്രമണം നടത്തുന്നതെന്നാണ് നിഗമനം.

പുലിഭീതിയില്‍ മലയോരം; നടപടിയില്ലാത്തതില്‍ പ്രതിഷേധം



പൂക്കോട്ടുംപാടം: മലയോരമേഖലയിലെ പുലിയുടെ സാന്നിധ്യം തുടര്‍ക്കഥയാകുമ്പോഴും പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത വനംവകുപ്പ് അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധം ശക്തമാകുന്നു. അമരമ്പലം പഞ്ചായത്തിലെ ടി.കെ കോളനി, പാട്ടക്കരിമ്പ്, കവളമുക്കട്ട ഭാഗങ്ങളിലാണ് പുലി സാന്നിധ്യം. ന്യൂ അമരമ്പലം സംരക്ഷിത വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണിത്. മൂന്ന് മാസത്തിലധികമായി നിരന്തരം പുലിയുടെ ആക്രമണം ഉണ്ടാകുന്നുണ്ട്. പശു, ആട് തുടങ്ങി 15ലധികം വളര്‍ത്തുമൃഗങ്ങളാണ് ആക്രമണത്തില്‍പ്പെട്ടത്. ടി.കെ കോളനി ഭാഗത്ത് മൂന്ന് ദിവസമായി രാത്രിയില്‍ പുലി ജനവാസകേന്ദ്രത്തിലിറങ്ങുന്നുണ്ട്. രണ്ട് ആടുകളെ കടിച്ചുകൊല്ലുകയും ചെയ്തു. ഓരോ സംഭവം ഉണ്ടാകുമ്പോഴും പരാതിപ്പെട്ടിട്ടും വനംവകുപ്പ് അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. സ്ഥലം സന്ദര്‍ശിക്കാന്‍ പോലും ഡി.എഫ്.ഒ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. വനംവകുപ്പിന്റെ നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ ഉള്‍പ്പെട്ട സ്ഥലമാണിത്. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനില്‍പെട്ട എടക്കര പൊട്ടന്‍തരിപ്പയില്‍ പുലിയുടെ സാന്നിധ്യം കണ്ടതോടെ വനംവകുപ്പ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ടി.കെ കോളനി, പാട്ടക്കരിമ്പ് ഭാഗത്ത് ഇത്തരത്തിലുള്ള നടപടി ഉണ്ടായിട്ടില്ല. പുലിയെ പിടികൂടാന്‍ കെണി ഒരുക്കണമെന്നും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

പ്രശ്‌നം ചൂണ്ടിക്കാണിച്ച് വനംമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനാണ് പ്രദേശവാസികളുടെ തീരുമാനം.

Wednesday, November 16, 2011

ഫ്‌ളാഗ്ഓഫ് ഇന്ന് രാജ്യറാണി ഇന്നുമുതല്‍ ഓടിത്തുടങ്ങിയേക്കും



നിലമ്പൂര്‍: ബുധനാഴ്ച നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്യുന്ന 'രാജ്യറാണി' എക്‌സ്​പ്രസ് ഇന്നുമുതല്‍ തന്നെ ഓടിത്തുടങ്ങുമെന്നറിയുന്നു. ബുധനാഴ്ച ഉദ്ഘാടനം കഴിഞ്ഞ് വ്യാഴാഴ്ച മുതലാണ് വണ്ടി ഓടിത്തുടങ്ങുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച ഉച്ചയോടെയാണ് പുതിയ നിര്‍ദേശം റെയില്‍വേ അധികൃതര്‍ക്ക് ലഭിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ സ്റ്റേഷനിലെത്തിയ രാജ്യറാണിയുടെ ഏഴ് കോച്ചുകളും എന്‍ജിനും ബുധനാഴ്ച 9.15നുള്ള ഉദ്ഘാടനത്തിനുശേഷം ഷൊറണൂരിലേക്ക് ഓടിക്കും. വൈകുന്നേരം ഷൊറണൂരില്‍ നിന്ന് തിരിച്ചെത്തിക്കുന്ന വണ്ടി രാത്രി 8.40ന് തിരുവനന്തപുരത്തേക്ക് കന്നിഓട്ടം നടത്തും.

നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വിവിധ വിഭാഗം എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടത്തില്‍ ഉദ്ഘാടന ഓട്ടത്തിനുള്ള അവസാന മിനുക്കുപണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി.

രാവിലെ 7.20ന് നിലമ്പൂരിലെത്തുന്ന വണ്ടി ഒന്നാമത് ട്രാക്കിലെത്തി യാത്രക്കാരെ ഇറക്കിയതിനുശേഷം മൂന്നാമത് ട്രാക്കില്‍ ആയിരിക്കും പകല്‍ മുഴുവന്‍ നിര്‍ത്തിയിടുക. രാത്രി തിരികെ ഒന്നാംട്രാക്കിലെത്തി യാത്രക്കാരെ കയറ്റി തിരുവനന്തപുരത്തേക്ക് പോകും. ഒന്നില്‍നിന്ന് മൂന്നിലേക്ക് മാറ്റുമ്പോഴും രാത്രി വീണ്ടും മൂന്നില്‍നിന്ന് ഒന്നാമത് ട്രാക്കിലേക്ക് തന്നെ മാറ്റുമ്പോഴും സ്റ്റേഷനടുത്തുള്ള നിലമ്പൂര്‍-കാളികാവ് സംസ്ഥാനപാതയിലെ ലെവല്‍ക്രോസ് അടച്ചിടേണ്ടിവരും. ട്രാക്ക് മാറുന്നതിന് ബ്രിട്ടീഷുകാരുടെ കാലത്തുള്ള കീ സമ്പ്രദായം തന്നെ തുടരുന്നതിനാല്‍ മുക്കാല്‍ മണിക്കൂറോളം സമയം ഇതിന് വേണ്ടിവരും.

കേന്ദ്ര റെയില്‍വേസഹമന്ത്രി കെ.എച്ച്. മുനിയപ്പയും കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദും സംയുക്തമായി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷതവഹിക്കും. എം.ഐ. ഷാനവാസ് എം.പി. വിശിഷ്ടാതിഥി ആയിരിക്കും. നിലമ്പൂര്‍നഗരസഭാധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

ടെലി കമ്യൂണിക്കേഷന്‍, സിഗ്‌നല്‍ വിഭാഗം ഉദ്യോഗസ്ഥരും ചൊവ്വാഴ്ച സ്ഥലത്തെത്തി പ്രവൃത്തികളും ഒരുക്കങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി. ഉദ്ഘാടന പരിപാടിയുടെ ക്ഷണക്കത്തുകള്‍ ചൊവ്വാഴ്ചയാണ് നിലമ്പൂരിലെത്തിയത്.
രാജ്യറാണി ഓടിത്തുടങ്ങുമ്പോള്‍ ആഹ്ലാദപൂര്‍വം...



മലപ്പുറം: നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്‌സ്​പ്രസ് ഓടിത്തുടങ്ങുമ്പോള്‍ ഒരു സ്വപ്നം സഫലമായതിന്റെ ആഹ്ലാദത്തിലാണ് നിലമ്പൂര്‍-മൈസൂര്‍ റെയില്‍വെ ആക്ഷന്‍ കൗണ്‍സില്‍. 1998ല്‍ ഷൊറണൂര്‍-നിലമ്പൂര്‍ റെയില്‍പാത അടച്ചുപൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ രൂപംകൊണ്ട ജനകീയ കര്‍മ്മസമിതിയാണ് 'നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വെ കൗണ്‍സില്‍'. പിന്നീടത് നിലമ്പൂര്‍-മൈസൂര്‍ ആക്ഷന്‍ കൗണ്‍സിലായി. റെയില്‍വെയുടെ തെറ്റായ നയങ്ങളെ ചെറുക്കാനും നിലമ്പൂര്‍ പാതയുടെ വികസനം നടപ്പാക്കാനും പാതയെ മൈസൂരിനടുത്തുള്ള നഞ്ചന്‍കോടുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൗണ്‍സില്‍ തുടക്കമിട്ടു. സംഘടനയുടെ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഷൊറണൂര്‍-നിലമ്പൂര്‍ പാതയെ വികസനത്തിന്റെ ട്രാക്കിലെത്തിച്ചത്.

തലസ്ഥാനത്തേക്ക് നേരിട്ട് തീവണ്ടി സൗകര്യമില്ലാത്തത് മലപ്പുറം, പാലക്കാട്, വയനാട്, നീലഗിരി പ്രദേശങ്ങളിലുള്ളവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഇതിനായുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഒരു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് രാജ്യറാണി.

ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനംമൂലം രണ്ട് ജോഡി വണ്ടികള്‍ മാത്രം ഓടിയ പാതയില്‍ ഇപ്പോള്‍ ഏഴ് ജോടി വണ്ടികള്‍ ഓടുന്നുണ്ട്. ഇതില്‍ പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ഉള്‍പ്പെടുന്നു.

പാതയിലെ ചെറുതും വലുതുമായ എല്ലാ സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു. നിലമ്പൂര്‍ സ്റ്റേഷനെ 'ആദര്‍ശ്' സ്റ്റേഷനായി പ്രഖ്യാപിച്ചു. നിലമ്പൂരും അങ്ങാടിപ്പുറത്തും പുതിയ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും അനുമതി നല്‍കുകയുംചെയ്തു.

പൂര്‍ത്തീകരിക്കപ്പെടാനുള്ള പദ്ധതികളിലാണ് ഇനി ആക്ഷന്‍ കൗണ്‍സിലിന്റെ ശ്രദ്ധ. റെയില്‍വെ സിഗ്‌നലിങ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളില്‍ നിലവില്‍ ജീവനക്കാരില്ലാത്തതിനാല്‍ നിസ്സാര തടസ്സങ്ങള്‍ പരിഹരിക്കാന്‍പോലും ഷൊറണൂരില്‍ നിന്ന് ജീവനക്കാര്‍ എത്തേണ്ടുന്ന അവസ്ഥയാണ്. ഇതിന് പരിഹാരം കാണേണ്ടതുണ്ട്. അങ്ങാടിപ്പുറത്തും നിലമ്പൂരും പ്രഖ്യാപിച്ച സ്റ്റേഷന്‍ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണം ത്വരപ്പെടുത്താനും അങ്ങാടിപ്പുറത്തും നിലമ്പൂരും റെയില്‍വെ സംരക്ഷണസേനയുടെ ഔട്ട്‌പോസ്റ്റ് തുടങ്ങിയ കാര്യങ്ങളില്‍ നടപടിയെടുക്കുന്നതിനുമാവും നിലമ്പൂര്‍-മൈസൂര്‍ റെയില്‍വെ ആക്ഷന്‍ കൗണ്‍സിലിന്റെ ഇനിയുള്ള ശ്രമങ്ങള്‍.
                             നിലമ്പൂരിലെ വ്യവസായ എസ്റ്റേറ്റിന് പേരിട്ടു




നിലമ്പൂര്‍: ബ്ലോക്ക് പഞ്ചായത്ത് രൂപവത്കരിച്ച വ്യവസായ എസ്റ്റേറ്റിന് രാജീവ് ഗാന്ധി വ്യവസായ എസ്റ്റേറ്റ് എന്നുപേരിട്ടു. നിലമ്പൂര്‍ മയ്യന്താനിയിലുള്ള കേന്ദ്രത്തില്‍ നടത്തിയ ചടങ്ങില്‍ ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദ് ചടങ്ങ് നിര്‍വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി വര്‍ഗീസ് അധ്യക്ഷ ആയിരുന്നു.

എസ്റ്റേറ്റിലെ പുതിയ യൂണിറ്റ് അമൃത അഗ്രോ ഇന്‍ഡസ്ട്രീസ് നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. വ്യവസായ ഓഫീസര്‍ യു. അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. പുഷ്പവല്ലി, കെ.എ. പീറ്റര്‍, പി.കെ. ജസീന, ശോഭന പള്ളിയാലില്‍, കെ.സി. ജോബ്, കെ. ശിവശങ്കരന്‍, കെ.ടി. കുഞ്ഞാന്‍, വിന്‍സെന്റ് ഗോണ്‍സാഗ എന്നിവര്‍ പ്രസംഗിച്ചു.

ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. ഇഖ്ബാല്‍ സ്വാഗതവും ബി.ഡി.ഒ ടി.പി. ഷൗക്കത്തലി നന്ദിയും പറഞ്ഞു.
വ്യവസായ എസ്റ്റേറ്റില്‍ 19 വ്യവസായികളുടെ 20 വ്യവസായങ്ങളാണുള്ളത്. ഇതില്‍ 14 യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. 150 പേര്‍ക്ക് നേരിട്ടും അതിലേറെ പേര്‍ക്ക് പരോക്ഷമായും ജോലി അവസരങ്ങളുണ്ട്. ഇതില്‍ 13 എണ്ണം മൈക്രോ യൂണിറ്റുകളും ഒന്ന് ചെറുകിട വ്യവസായ യൂണിറ്റുമാണ്. അഞ്ച് ഏക്കര്‍ ഭൂമി ബ്ലോക്ക് പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയതിനുശേഷം ഓരോ വ്യവസായിക്കും 7000 രൂപ സെന്റിന് വില കണക്കാക്കിയാണ് നല്‍കിയത്. ഭൂമി വില ഒഴികെ ഏകദേശം നാലുകോടി രൂപയുടെ ആസ്തി മൊത്തം ഇവിടെ മുടക്കിയിട്ടുണ്ട്.

Wednesday, November 9, 2011

രാജ്യറാണി എക്സ്‌പ്രസ്‌ ഈയാഴ്ച ഓടിത്തുടങ്ങും


ഷൊറണൂര്‍: നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്സ്‌പ്രസ്‌ ഈയാഴ്ച ഓടിത്തുടങ്ങും. ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് ഷൊറണൂര്‍ റെയില്‍വേജങ്ഷനില്‍ നടക്കും. നവം. 11, 12 തീയതികളില്‍ ഏതെങ്കിലുമൊരു ദിവസമായിരിക്കും ഉദ്ഘാടനം നടക്കുകയെന്നറിയുന്നു. ഔദ്യോഗിക അറിയിപ്പ് എത്തിയിട്ടില്ല.

നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്സ്‌പ്രസ്‌ ഏഴുകോച്ച് വീതമുള്ള രണ്ടുവണ്ടിയായി നിലമ്പൂര്‍മുതല്‍ ഷൊറണൂര്‍വരെയാണ് ഓടുക. ഷൊറണൂരില്‍ നിന്ന് അമൃത എക്സ്‌പ്രസുമായി ബന്ധിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രതുടരും. രാജ്യറാണി എക്‌സ്പ്രസ്സുമായി ബന്ധിപ്പിക്കുന്നതോടെ അമൃതയിലെ കോച്ചുകളുടെ എണ്ണം 22 ആകും.

രാജ്യറാണി എക്സ്‌പ്രസ്സിനായുള്ള ഒമ്പത് കോച്ച്എത്തിയിട്ടുണ്ട്. ശേഷിക്കുന്ന അഞ്ച് കോച്ച് അടുത്തദിവസമെത്തും.

മലബാര്‍മേഖലയിലെ യാത്രക്കാര്‍ക്ക് രാജ്യറാണി എക്സ്‌പ്രസ്‌ തീവണ്ടി ഗുണകരമാകും.
 
വണ്ടൂരില്‍ മൂന്നു സ്ത്രീകള്‍ ഷോക്കേറ്റു മരിച്ചു


വണ്ടൂര്‍: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഒരു വീട്ടിലെ മൂന്നു സ്ത്രീകള്‍ ഷോക്കേറ്റു മരിച്ചു. ചെറുകോടിനടുത്ത് താടിവളവിലാണ് സംഭവം. ആമിന(60) മരുമക്കളായ സജ്‌ന(23), ആരിഫ(23 എന്നിവരാണ് ദാരുണമായി മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒരു കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. വീടിന് സമീപത്തെ മുരിങ്ങയില്‍ നിന്ന് ഇരുമ്പുകമ്പി ഉപയോഗിച്ച് മുരിങ്ങക്കായ പറിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം. ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം .
ഒരാഴ്ചയ്ക്കുള്ളില്‍ അപകടം പൊലിച്ചത് നാല് ജീവന്‍; ദുരന്തമൊഴിയാതെ മൂത്തേടം



എടക്കര: ദുരന്തങ്ങളില്‍ പ്രിയപ്പെട്ടവരുടെ ജീവിതങ്ങള്‍ പാതി വഴിയില്‍ അവസാനിക്കുമ്പോള്‍ മൂത്തേടം നിവാസികള്‍ക്ക് ഇത് കണ്ണീര്‍ക്കാലം. സ്വദേശത്തും വിദേശത്തുമായി അപകടങ്ങളില്‍പ്പെട്ട് 11 പേരെയാണ് പഞ്ചായത്തിന് ഒരുവര്‍ഷം കൊണ്ട് നഷ്ടമായത്. ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം പൊലിഞ്ഞത് നാല് ജീവനുകളാണ്. ഈ കണ്ണീര്‍ക്കാഴ്ചകളുടെ അവസാനത്തേതാണ് കാരപ്പുറം ഊമ്പിക്കാട്ടില്‍ വര്‍ഗീസ് ആന്റണിയെന്ന കൊച്ചിന്റെ അപകടമരണം. റിയാദില്‍ ഡ്രൈവറായിരുന്ന വര്‍ഗീസ് ആന്റണി സഞ്ചരിച്ച ട്രക്ക് മറ്റൊരുവാഹനവുമായി ഇടിച്ചായിരുന്നു അപകടം.

നാലുമാസം മുമ്പ് റിയാദിലുണ്ടായ തീപ്പിടിത്തത്തിലാണ് ചോളമുണ്ടയിലെ ചുള്ളിക്കുളവന്‍ കബീര്‍ മരിച്ചത്.

2010 നവംബര്‍ പത്തിനാണ് താളിപ്പാടം സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ്കുട്ടി, മാതാവ്, ഭാര്യ, മകള്‍ എന്നിവര്‍ എടവണ്ണയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.

മരുതങ്ങാട്ടെ മുഹമ്മദ് അഷറഫ് റിയാദിലും കാഞ്ഞിരംപറ്റ ജാഫര്‍ മസ്‌കറ്റിലും മുണ്ടോടന്‍ ഖാലിദ് ജിദ്ദയിലും വട്ടപ്പാടത്തെ ബിജുകുര്യന്‍ റിയാദിലും മരിച്ചത് അപകടത്തില്‍ തന്നെ.

റിയാദില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് താളിപ്പാടത്തെ മാന്തനത്ത് വര്‍ഗീസ് വ്യാഴാഴ്ചയാണ് മരിച്ചത്. തന്റെ ഫര്‍ണിച്ചര്‍ കടയില്‍നിന്നും ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനിടയിലാണ് അപകടം. സംഭവത്തില്‍ പരിക്കേറ്റ താളിപ്പാടം കാവിത്താഴ ജോമോന്‍ ഇപ്പോഴും ചികിത്സയിലാണ്. വര്‍ഗീസിന്റെ മൃതദേഹം ബുധനാഴ്ച താളിപ്പാടം കത്തോലിക്ക പള്ളിയില്‍ സംസ്‌കരിക്കും.