Monday, April 25, 2011

കാട്ടാനയെ ചെറുക്കാന്‍ നിലമ്പൂരില്‍ ജൈവവേലി തീര്‍ക്കുന്നു

 സൗരോര്‍ജ്ജവേലികള്‍ തീര്‍ക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയും അവയുടെ പരിമിതികളും കൊണ്ട് ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്കായി കാട്ടാനയെ ചെറുക്കാന്‍ മുള്ളുള്ള ചെടികളായ അകൈവ്, പതിമുഖം എന്നിവകൊണ്ടുള്ള വേലി ഒരുങ്ങുന്നു. വനാതിര്‍ത്തികളില്‍ ജൈവവേലി നിര്‍മിക്കുന്നതിനായി നിലമ്പൂര്‍ ചെറുപുഴയിലെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്റെ പിന്നാമ്പുറത്തെ നഴ്‌സറിയിലാണ് അകൈവ്, പതിമുഖം, പന എന്നിവ ഒരുങ്ങുന്നത്.

കാട്ടാനശല്യം രൂക്ഷമായ കരുളായി ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയിലുള്ള പ്രദേശങ്ങളിലായിരിക്കും പതിമുഖം, അകൈവ് എന്നിവകൊണ്ടുള്ള ജൈവവേലി നിര്‍മിക്കുക. പഞ്ചായത്തധികൃതരും വനംവകുപ്പും കര്‍ഷകരും ചേര്‍ന്ന് നേരത്തെ നടത്തിയ യോഗത്തില്‍ ആനശല്യം തടയുന്നതിന് ഇത്തരം വേലി നിര്‍മിക്കാമെന്ന് വനംവകുപ്പ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവ നട്ടുപിടിപ്പിച്ചത്. കരുളായി വനമേഖലയിലെ നെടുങ്കയം-മുണ്ടക്കടവ് റോഡരികിലെ തേക്കുതോട്ടത്തില്‍ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പതിമുഖം നട്ടുപിടിപ്പിച്ചിരുന്നു. ഇവ വളര്‍ന്നശേഷം ആനകള്‍ ഈ പ്രദേശത്തേക്ക് വരാറില്ലായിരുന്നു. ഈ വസ്തുത ചൂണ്ടിക്കാട്ടിയാണ് പതിമുഖവേലിയെന്ന പുതിയ ആശയം ഉദിച്ചത്.

മുള്ളുള്ള കുറ്റിച്ചെടിയാണ് പതിമുഖം. ഇത് രണ്ടു നിരകളിലായി അടുത്തടുത്ത് വെച്ചുപിടിപ്പിച്ചാല്‍ ഇവ മുറിച്ചുകടന്ന് ആനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങില്ലെന്നാണ് അധികൃതരുടെ പ്രത്യാശ. ജൈവവേലിക്കായിട്ട് ഉപയോഗിക്കുന്ന സസ്യമാണ് അകൈവ്. ഇലകളില്‍ മുള്ളുള്ള ഈ ചെടി ഒരാള്‍ പൊക്കത്തില്‍ വളരും. ഇതും രണ്ടുനിരയായി നടാനാണ് പരിപാടി. വയനാട് പോലുള്ള സ്ഥലങ്ങളില്‍ അകൈവ് ഉപയോഗിച്ചുള്ള ജൈവവേലിയുണ്ട്. നിലമ്പൂര്‍ മേഖലയില്‍ ഇത് ആദ്യമായാണ് പരീക്ഷിക്കുന്നത്. വയനാട്ടില്‍ നിന്ന് തൈ കൊണ്ടുവന്നാണ് ഇത് വളര്‍ത്തുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ കല്ലേന്തോട് ഭാഗത്തായിരിക്കും ജൈവവേലി നിര്‍മിക്കുക. ഇത് വിജയകരമായാല്‍ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം നഴ്‌സറിയില്‍ പനയും ഒരുങ്ങുന്നുണ്ട്.

ആനയ്ക്ക് ഏറെ ഇഷ്ടപ്പെട്ട പനകള്‍ കാട്ടില്‍ വെച്ചുപിടിപ്പിക്കുന്നതിനാണിത്. ആനയ്ക്ക് ആവശ്യമായ ഭക്ഷണം വനത്തില്‍നിന്ന് ലഭിച്ചാല്‍ ആന നാട്ടിലിറങ്ങുന്നത് തടയാന്‍ കഴിയുമെന്നും ബന്ധപ്പെട്ടവര്‍ കരുതുന്നു.

നെടുങ്കയം വനസംരക്ഷണ സമിതിയാണ് നഴ്‌സറി പരിപാലിക്കുന്നത്.
(കടപ്പാട് - മാതൃഭൂമി)

Monday, April 18, 2011

നിലമ്പൂരില്‍ ആര്? അവകാശവാദങ്ങളുമായി ഇരുമുന്നണികളും രംഗത്ത്


മത്സരം പൊടിപാറിയ നിലമ്പൂര്‍ മണ്ഡലത്തില്‍ അവകാശവാദങ്ങളുമായി ഇരുമുന്നണികളും രംഗത്ത്. 2006ലെ തെരഞ്ഞെടുപ്പില്‍ 18,070 വോട്ട് ഭൂരിപക്ഷം നേടിയ ആര്യാടന്‍റെ വിജയം ഇത്തവണ അനായാസമാവില്ലെന്നാണ് വിലയിരുത്തല്‍. യു.ഡി.എഫിന്‍റെ ശക്തികേന്ദ്രങ്ങളായ ചോക്കാട്, കാളികാവ്, ചാലിയാര്‍ പഞ്ചായത്തുകള്‍ മണ്ഡലത്തില്‍നിന്ന് വേറിട്ടതാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷത്തിന് കാരണം. 77.7 ശതമാനമാണ് ഇത്തവണ വോട്ടിങ് നില. 2006ല്‍ ഇത് 72.25 ശതമാനമായിരുന്നു. ശതമാനം കൂടിയത് തങ്ങള്‍ക്ക് തുണയായതായി ഇരു മുന്നണികളും അവകാശപ്പെടുന്നു. എന്നാല്‍, യു.ഡി.എഫ് മുന്നണിയിലെ ഉലച്ചില്‍ അവസാന ഘട്ടത്തില്‍ തങ്ങള്‍ക്ക് ഗുണകരമായെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ അവകാശപ്പെടുന്നു.

മണ്ഡലത്തില്‍ ഇക്കുറി മത്സരം കടുത്തതായിരുന്നെങ്കിലും ആര്യാട
ന്‍റെ വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ എത്രകണ്ട് വോട്ട് പിടിക്കുന്നുണ്ട് എന്നത് ഇത്തവണ ജയപരാജയങ്ങളെ സ്വാധീനിക്കും.

2,000നും 3,000നുമിടയില്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് പ്രഫ. തോമസ് മാത്യു ജയിക്കുമെന്ന് ബൂത്തുതലത്തിലുള്ള കണക്കുകള്‍ നിരത്തി എല്‍.ഡി.എഫ് അവകാശപ്പെടുന്നു. എന്നാല്‍, പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ആര്യാടന്‍ നേടുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം.
കടപ്പാട് - മാധ്യമം

മല്‍സ്യക്കൃഷിക്കു ഇടവിളയായി കാബേജും കോളിഫ്ളവറും...

 മല്‍സ്യ കൃഷിയിടത്തില്‍ ഇടവിളയായി കാബേജും കോളിഫ്ളവറും കൃഷി ചെയ്ത് ഹുസൈന്‍ മാതൃക കാണിക്കുന്നു. ശുദ്ധജല മല്‍സ്യക്കൃഷിയില്‍ അവാര്‍ഡ് നേടിയ നിലമ്പൂര്‍  വല്ലപ്പുഴ ചാലിയില്‍ ചെമ്മല ഹുസൈനാണ് ശീതകാല പച്ചക്കറി കൃഷിയിലും വിജയം നേടിയത്.

മല്‍സ്യക്കുളങ്ങളുടെ ഇടവരമ്പുകളില്‍ തെങ്ങിനും വാഴയ്ക്കും തീറ്റപ്പുല്ലിനും ഇടയിലാണ് ഹുസൈന്റെ കോളിഫ്ളവര്‍, കാബേജ് കൃഷി.  മണ്ണിര കംപോസ്റ്റും ബയോഗ്യാസ് സ്ളറിയും അടിവളമായി ചേര്‍ത്തു. കീടങ്ങളെ അകറ്റാന്‍ വേപ്പെണ്ണയും ജൈവ കീടനാശിനികളുമാണ് മാത്രമാണിദ്ദേഹം ഉപയോഗിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ ഉച്ചയ്ക്ക് ഇലകളില്‍ വെള്ളം തളിച്ചുകൊടുക്കും. ജലസേചനം ഒരു നേരം മാത്രം.

ജില്ലയിലെ മികച്ച മല്‍സ്യ കര്‍ഷകനായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുത്ത ഹുസൈന്‍റെ ആറേക്കറില്‍ കട്ല, രോഹു, ഗ്രാസ് കാര്‍പ്പ്, മൃഗാല്‍, തിലോപ്പിയ, കോഴിക്കാര്‍പ്പ്, നട്ടര്‍, ആറ്റുകൊഞ്ച്, വാളനാടന്‍ മുശി, വരാല്‍ എന്നിവ വളര്‍ത്തുന്നുണ്ട്. ഭാര്യ ആയിഷയാണ് ഹുസൈനെ സഹായിക്കുന്നത്. മല്‍സ്യക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങുന്ന 20 ന് കലക്ടര്‍, സിഡബ്ള്യുആര്‍ഡിഎ, കൃഷി, ഫിഷറീസ് വകുപ്പ് ഉന്നതോദ്യോഗസ്ഥരും കൃഷിയിടം സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്.
കടപ്പാട് - മനോരമ

Friday, April 15, 2011

മലയിറങ്ങിയെത്തിയ മാതന്‍ ഇക്കുറിയും നിരാശനായി മടങ്ങി

ജനാധിപത്യത്തില്‍ പങ്കാളിയാകുന്നതിന് മലയിറങ്ങിയെത്തിയ മാതന് നിരാശനായി മടങ്ങേണ്ടിവന്നു. വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനെത്തുടര്‍ന്നാണ് പ്രാക്തന ഗോത്രവര്‍ഗത്തില്‍പ്പെട്ട താളിപ്പുഴ മാതന് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ കഴിയാതെ പോയത്.

നിലമ്പൂര്‍ കരുളായി ഉള്‍വനത്തിലെ മാഞ്ചീരിയില്‍ വസിക്കുന്ന മാതന്‍ 20 കിലോമീറ്റര്‍ ദൂരംതാണ്ടി ഒമ്പതുമണിയോടെയാണ് വനമധ്യത്തിലെ നെടുങ്കയം റസ്റ്റ്ഹൗസിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ എത്തിയത്. തിരിച്ചറിയല്‍ കാര്‍ഡുമായെത്തിയ ഈ 58കാരന്റെ പേര് വോട്ടര്‍പ്പട്ടികയില്‍ കണ്ടില്ല. ഇതേത്തുടര്‍ന്ന് നിരാശനായ മാതന്‍ കൂടെ വന്നവര്‍ വോട്ടുരേഖപ്പെടുത്തുന്നത് ഏറെനേരം നോക്കിനിന്നു. പിന്നെ നിരാശയോടെ വീണ്ടും മലകയറി.

ഇത് രണ്ടാംതവണയാണ് വോട്ടെടുപ്പ് കേന്ദ്രത്തിലെത്തി വോട്ട് രേഖപ്പെടുത്താനാകാതെ മാതന്‍ മടങ്ങുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ മാതന് വോട്ടുചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതിനുമുമ്പുള്ള തിരഞ്ഞെടുപ്പുകളില്‍ മാതന്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

മുണ്ടക്കടവ് ആദിവാസി കോളനിയിലെ കുറുമ്പന്റെ ഭാര്യ മാതി (55)ക്കും വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ ഇക്കുറി വോട്ടുചെയ്യാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വോട്ടുരേഖപ്പെടുത്തിയ കുറുമ്പി ഇക്കുറി വോട്ടുചെയ്യാന്‍ കഴിയാത്തതിനാല്‍ ഏറെ നിരാശയോടെയാണ് മടങ്ങിയത്. കൂടെയെത്തിയ ഭര്‍ത്താവും മകളും വോട്ട് രേഖപ്പെടുത്തുകയുംചെയ്തു.
കടപ്പാട് -  മാതൃഭൂമി

Thursday, April 14, 2011

നിലമ്പൂരില്‍ 76.5% പോളിങ്

കനത്ത മത്സരം നടക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഢലത്തില്‍ 76.5% ശതമാനം പോളിങ് രേഖപ്പെടുത്തി. പെരിന്തമണ്ണയിലാണ് ജില്ലയിലെ ഉയര്ന്ന പോളിങ് നിരക്ക് - 81.3% . തിരൂരങ്ങാടിയിലാണ് കുറവ് പോളിങ് - 65.8%
മലപ്പുറം ജില്ലയിലെ മറ്റു മണ്ഢലങ്ങളിലെ പോളിങ്
KONDOTTY 75.2% ERANAD 80.3%

NILAMBUR 76.5% WANDOOR 72.5%

MANJERI 70.3% PERINTHALMANNA 81.3%

MANKADA 72.4% MALAPPURAM 72.4%

VENGARA 68.9% VALLIKKUNNU 71.1%

TIRURANGADI 65.8% TANUR 74.0%

TIRUR 75.7% KOTTAKKAL 70.7%

THAVANUR 77.1% PONNANI 76.2%