Thursday, January 5, 2012


നിലമ്പൂരില്‍ ഗ്യാസ് ശ്മശാനം വരുന്നു


നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭ 100ദിന കര്‍മപദ്ധതിയില്‍ ആധുനിക ഗ്യാസ് ശ്മശാനം നിര്‍മിക്കും.

എം.പി. ഫണ്ടില്‍നിന്നും 20 ലക്ഷം രൂപ ഇതിന് അനുവദിച്ചതായി നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു. നിലമ്പൂര്‍ കോടതിക്ക് സമീപം വൈദ്യുതഭവനോട് ചേര്‍ന്നുള്ള നഗരസഭയുടെ 30 സെന്റിലാണ് ശ്മശാനം വരിക. ശവശരീരം ദഹിപ്പിക്കുന്നതിനുള്ള കെട്ടിടവും കര്‍മങ്ങള്‍ ചെയ്യാനുള്ള കെട്ടിടവും ആദ്യം നിര്‍മിക്കും.


രണ്ടുമാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കും. രണ്ടാംഘട്ടത്തില്‍ ചുറ്റുമതിലും പൂന്തോട്ടവും നിര്‍മിക്കും. ഒരു ശവസംസ്‌കാരത്തിന് രണ്ടര മുതല്‍ മൂന്നുമണിക്കൂര്‍ വരെയാണ് എടുക്കുക. ശ്മശാനത്തിന് വെള്ളിയാഴ്ച എം.ഐ. ഷാനവാസ് എം.പി. തറക്കല്ലിടും.


വലിയതോട്ടിലെ നീരൊഴുക്ക് നിലച്ചു; ചേലോട് പാടശേഖരത്തില്‍ നെല്‍കൃഷി പ്രതിസന്ധിയില്‍
 2


പൂക്കോട്ടുംപാടം: വലിയ തോട്ടിലൂടെയുള്ള നീരൊഴുക്ക് നിലച്ചതോടെ ചേലോട് പാടശേഖരത്തില്‍ രണ്ടാംവിളയിറക്കിയ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയിലായി. അമരമ്പലം പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമാണിത്. വാകപ്പാടം, ചേലോട്, അരക്കംപൊയില്‍ ഭാഗങ്ങളില്‍ 125 ഹെക്ടറോളം സ്ഥലത്താണ് പാടശേഖരം സ്ഥിതി ചെയ്യുന്നത്.

വലിയ തോട്ടിലൂടെയുള്ള നീരൊഴുക്ക് നിലച്ചത് ചേലോട് ഭാഗത്തെ കര്‍ഷകരെയാണ് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. 30ല്‍ പരം കര്‍ഷകരാണ് ഇവിടെ രണ്ടാംവിള ഇറക്കിയത്. തുലാം, വൃശ്ചികം മാസങ്ങളില്‍ ഇറക്കിയ വിള കുംഭമാസത്തോടെ മാത്രമേ കൊയ്യാനാകൂ. എന്നാല്‍ ധനു പകുതിയോടെ തന്നെ ജലാംശം കുറഞ്ഞ് പാടങ്ങള്‍ വരണ്ടുതുടങ്ങിയിട്ടുണ്ട്. പാടത്തേക്ക് വെള്ളമെത്തിക്കുവാന്‍ എന്തുചെയ്യുമെന്ന അവസ്ഥയിലാണ് കര്‍ഷകര്‍.

വലിയതോട് ഒഴുകുന്നത് പാടശേഖരത്തേക്കാളും താഴ്ചയിലായതിനാല്‍ തോട്ടിലെ നീരൊഴുക്ക് കുറയുമ്പോള്‍ പാടത്തെ ജലാംശം തോട്ടിലേക്ക് വലിയുന്നതും പാടം വരളുവാന്‍ കാരണമാകുന്നതായി പാടശേഖരസമിതി പ്രസിഡന്റ് കാരാട്ട് സുധാകരന്‍ നായര്‍ പറഞ്ഞു. ഈ അവസ്ഥ തുടര്‍ന്നാല്‍ വേനല്‍ കനക്കുന്നതോടെ നെല്‍കൃഷി പൂര്‍ണമായി ഉണങ്ങിപ്പോകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പാടശേഖരത്തിന് സമീപത്തെ മുണ്ടക്കുളത്തില്‍ നിന്ന് കനാല്‍വഴി വെള്ളം എത്തിക്കുകയോ പാടശേഖരത്തോട് ചേര്‍ന്ന് വലിയ കിണര്‍ നിര്‍മ്മിക്കുകയോ ചെയ്യണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. കിണര്‍ നിര്‍മ്മിക്കാന്‍ കൃഷിവകുപ്പോ ഗ്രാമപ്പഞ്ചായത്തോ തയ്യാറായാല്‍ സ്ഥലം നല്‍കുവാന്‍ കര്‍ഷകര്‍ തയ്യാറാണ്.

ടി.കെ കോളനി ജനവാസകേന്ദ്രത്തില്‍ പുലി



പൂക്കോട്ടുംപാടം: ടി.കെ കോളനിയില്‍ പുലിയുടെ വിളയാട്ടം വീണ്ടും. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ജനവാസകേന്ദ്രത്തിലിറങ്ങിയ പുലി മൂന്നുമണിക്കൂറോളം പരിഭ്രാന്തി പരത്തി. ടി.കെ കോളനി മത്തായിക്കുന്ന് പുല്ലുമല ഭാഗത്താണ് പുലിയിറങ്ങിയത്. പുന്നത്താനത്ത് സോമന്റെ ആടിനെ പുലി പിടിച്ചു. വീടിനുസമീപം പട്ടികകൊണ്ടുണ്ടാക്കിയ കൂട്ടില്‍ മൂന്ന് ആടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നിനെയാണ് കൂട്ടിനടിഭാഗത്തെ പട്ടിക കടിച്ചുമുറിച്ച് പുലി പിടികൂടിയത്. ആടിനെ 20 മീറ്ററോളം ദൂരത്തേക്ക് വലിച്ചുകൊണ്ടുപോയിട്ടുണ്ട്. ശബ്ദംകേട്ട് പുറത്തിറങ്ങിയ സോമന്റെ മക്കളായ പുന്നത്താനത്ത് അഭിലാഷ്, അജീഷ്, അയല്‍വാസിയായ മാട്ടപ്പാടത്ത് സജീവന്‍ എന്നിവരാണ് പുലിയെ നേരില്‍ കണ്ടത്. പുലിക്ക് ഏകദേശം അഞ്ചടിയിലധികം നീളമുണ്ടെന്ന് അഭിലാഷ് പറഞ്ഞു.

ടി.കെ കോളനിയില്‍ തുടര്‍ച്ചയായി മൂന്നാംദിവസമാണ് പുലിയിറങ്ങുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ടി.കെ കോളനിയില്‍ കൊളറിയാടന്‍ അലവിയുടെ ആടിനെ പുലി കടിച്ചുകൊന്നത്. ആക്രമണസ്വഭാവം, ഭക്ഷണരീതി എന്നിവയുടെ അടിസ്ഥാനത്തില്‍ പൂര്‍ണവളര്‍ച്ചയെത്തിയ പുലിയാണ് ആക്രമണം നടത്തുന്നതെന്നാണ് നിഗമനം.

പുലിഭീതിയില്‍ മലയോരം; നടപടിയില്ലാത്തതില്‍ പ്രതിഷേധം



പൂക്കോട്ടുംപാടം: മലയോരമേഖലയിലെ പുലിയുടെ സാന്നിധ്യം തുടര്‍ക്കഥയാകുമ്പോഴും പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത വനംവകുപ്പ് അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധം ശക്തമാകുന്നു. അമരമ്പലം പഞ്ചായത്തിലെ ടി.കെ കോളനി, പാട്ടക്കരിമ്പ്, കവളമുക്കട്ട ഭാഗങ്ങളിലാണ് പുലി സാന്നിധ്യം. ന്യൂ അമരമ്പലം സംരക്ഷിത വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണിത്. മൂന്ന് മാസത്തിലധികമായി നിരന്തരം പുലിയുടെ ആക്രമണം ഉണ്ടാകുന്നുണ്ട്. പശു, ആട് തുടങ്ങി 15ലധികം വളര്‍ത്തുമൃഗങ്ങളാണ് ആക്രമണത്തില്‍പ്പെട്ടത്. ടി.കെ കോളനി ഭാഗത്ത് മൂന്ന് ദിവസമായി രാത്രിയില്‍ പുലി ജനവാസകേന്ദ്രത്തിലിറങ്ങുന്നുണ്ട്. രണ്ട് ആടുകളെ കടിച്ചുകൊല്ലുകയും ചെയ്തു. ഓരോ സംഭവം ഉണ്ടാകുമ്പോഴും പരാതിപ്പെട്ടിട്ടും വനംവകുപ്പ് അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. സ്ഥലം സന്ദര്‍ശിക്കാന്‍ പോലും ഡി.എഫ്.ഒ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. വനംവകുപ്പിന്റെ നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ ഉള്‍പ്പെട്ട സ്ഥലമാണിത്. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനില്‍പെട്ട എടക്കര പൊട്ടന്‍തരിപ്പയില്‍ പുലിയുടെ സാന്നിധ്യം കണ്ടതോടെ വനംവകുപ്പ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ടി.കെ കോളനി, പാട്ടക്കരിമ്പ് ഭാഗത്ത് ഇത്തരത്തിലുള്ള നടപടി ഉണ്ടായിട്ടില്ല. പുലിയെ പിടികൂടാന്‍ കെണി ഒരുക്കണമെന്നും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

പ്രശ്‌നം ചൂണ്ടിക്കാണിച്ച് വനംമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനാണ് പ്രദേശവാസികളുടെ തീരുമാനം.