Friday, April 15, 2011

മലയിറങ്ങിയെത്തിയ മാതന്‍ ഇക്കുറിയും നിരാശനായി മടങ്ങി

ജനാധിപത്യത്തില്‍ പങ്കാളിയാകുന്നതിന് മലയിറങ്ങിയെത്തിയ മാതന് നിരാശനായി മടങ്ങേണ്ടിവന്നു. വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനെത്തുടര്‍ന്നാണ് പ്രാക്തന ഗോത്രവര്‍ഗത്തില്‍പ്പെട്ട താളിപ്പുഴ മാതന് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ കഴിയാതെ പോയത്.

നിലമ്പൂര്‍ കരുളായി ഉള്‍വനത്തിലെ മാഞ്ചീരിയില്‍ വസിക്കുന്ന മാതന്‍ 20 കിലോമീറ്റര്‍ ദൂരംതാണ്ടി ഒമ്പതുമണിയോടെയാണ് വനമധ്യത്തിലെ നെടുങ്കയം റസ്റ്റ്ഹൗസിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ എത്തിയത്. തിരിച്ചറിയല്‍ കാര്‍ഡുമായെത്തിയ ഈ 58കാരന്റെ പേര് വോട്ടര്‍പ്പട്ടികയില്‍ കണ്ടില്ല. ഇതേത്തുടര്‍ന്ന് നിരാശനായ മാതന്‍ കൂടെ വന്നവര്‍ വോട്ടുരേഖപ്പെടുത്തുന്നത് ഏറെനേരം നോക്കിനിന്നു. പിന്നെ നിരാശയോടെ വീണ്ടും മലകയറി.

ഇത് രണ്ടാംതവണയാണ് വോട്ടെടുപ്പ് കേന്ദ്രത്തിലെത്തി വോട്ട് രേഖപ്പെടുത്താനാകാതെ മാതന്‍ മടങ്ങുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ മാതന് വോട്ടുചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതിനുമുമ്പുള്ള തിരഞ്ഞെടുപ്പുകളില്‍ മാതന്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

മുണ്ടക്കടവ് ആദിവാസി കോളനിയിലെ കുറുമ്പന്റെ ഭാര്യ മാതി (55)ക്കും വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ ഇക്കുറി വോട്ടുചെയ്യാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വോട്ടുരേഖപ്പെടുത്തിയ കുറുമ്പി ഇക്കുറി വോട്ടുചെയ്യാന്‍ കഴിയാത്തതിനാല്‍ ഏറെ നിരാശയോടെയാണ് മടങ്ങിയത്. കൂടെയെത്തിയ ഭര്‍ത്താവും മകളും വോട്ട് രേഖപ്പെടുത്തുകയുംചെയ്തു.
കടപ്പാട് -  മാതൃഭൂമി

No comments: