Monday, April 25, 2011

കാട്ടാനയെ ചെറുക്കാന്‍ നിലമ്പൂരില്‍ ജൈവവേലി തീര്‍ക്കുന്നു

 സൗരോര്‍ജ്ജവേലികള്‍ തീര്‍ക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയും അവയുടെ പരിമിതികളും കൊണ്ട് ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്കായി കാട്ടാനയെ ചെറുക്കാന്‍ മുള്ളുള്ള ചെടികളായ അകൈവ്, പതിമുഖം എന്നിവകൊണ്ടുള്ള വേലി ഒരുങ്ങുന്നു. വനാതിര്‍ത്തികളില്‍ ജൈവവേലി നിര്‍മിക്കുന്നതിനായി നിലമ്പൂര്‍ ചെറുപുഴയിലെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്റെ പിന്നാമ്പുറത്തെ നഴ്‌സറിയിലാണ് അകൈവ്, പതിമുഖം, പന എന്നിവ ഒരുങ്ങുന്നത്.

കാട്ടാനശല്യം രൂക്ഷമായ കരുളായി ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയിലുള്ള പ്രദേശങ്ങളിലായിരിക്കും പതിമുഖം, അകൈവ് എന്നിവകൊണ്ടുള്ള ജൈവവേലി നിര്‍മിക്കുക. പഞ്ചായത്തധികൃതരും വനംവകുപ്പും കര്‍ഷകരും ചേര്‍ന്ന് നേരത്തെ നടത്തിയ യോഗത്തില്‍ ആനശല്യം തടയുന്നതിന് ഇത്തരം വേലി നിര്‍മിക്കാമെന്ന് വനംവകുപ്പ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവ നട്ടുപിടിപ്പിച്ചത്. കരുളായി വനമേഖലയിലെ നെടുങ്കയം-മുണ്ടക്കടവ് റോഡരികിലെ തേക്കുതോട്ടത്തില്‍ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പതിമുഖം നട്ടുപിടിപ്പിച്ചിരുന്നു. ഇവ വളര്‍ന്നശേഷം ആനകള്‍ ഈ പ്രദേശത്തേക്ക് വരാറില്ലായിരുന്നു. ഈ വസ്തുത ചൂണ്ടിക്കാട്ടിയാണ് പതിമുഖവേലിയെന്ന പുതിയ ആശയം ഉദിച്ചത്.

മുള്ളുള്ള കുറ്റിച്ചെടിയാണ് പതിമുഖം. ഇത് രണ്ടു നിരകളിലായി അടുത്തടുത്ത് വെച്ചുപിടിപ്പിച്ചാല്‍ ഇവ മുറിച്ചുകടന്ന് ആനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങില്ലെന്നാണ് അധികൃതരുടെ പ്രത്യാശ. ജൈവവേലിക്കായിട്ട് ഉപയോഗിക്കുന്ന സസ്യമാണ് അകൈവ്. ഇലകളില്‍ മുള്ളുള്ള ഈ ചെടി ഒരാള്‍ പൊക്കത്തില്‍ വളരും. ഇതും രണ്ടുനിരയായി നടാനാണ് പരിപാടി. വയനാട് പോലുള്ള സ്ഥലങ്ങളില്‍ അകൈവ് ഉപയോഗിച്ചുള്ള ജൈവവേലിയുണ്ട്. നിലമ്പൂര്‍ മേഖലയില്‍ ഇത് ആദ്യമായാണ് പരീക്ഷിക്കുന്നത്. വയനാട്ടില്‍ നിന്ന് തൈ കൊണ്ടുവന്നാണ് ഇത് വളര്‍ത്തുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ കല്ലേന്തോട് ഭാഗത്തായിരിക്കും ജൈവവേലി നിര്‍മിക്കുക. ഇത് വിജയകരമായാല്‍ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം നഴ്‌സറിയില്‍ പനയും ഒരുങ്ങുന്നുണ്ട്.

ആനയ്ക്ക് ഏറെ ഇഷ്ടപ്പെട്ട പനകള്‍ കാട്ടില്‍ വെച്ചുപിടിപ്പിക്കുന്നതിനാണിത്. ആനയ്ക്ക് ആവശ്യമായ ഭക്ഷണം വനത്തില്‍നിന്ന് ലഭിച്ചാല്‍ ആന നാട്ടിലിറങ്ങുന്നത് തടയാന്‍ കഴിയുമെന്നും ബന്ധപ്പെട്ടവര്‍ കരുതുന്നു.

നെടുങ്കയം വനസംരക്ഷണ സമിതിയാണ് നഴ്‌സറി പരിപാലിക്കുന്നത്.
(കടപ്പാട് - മാതൃഭൂമി)

No comments: