Friday, November 4, 2011


                                       നിലമ്പൂരില്‍ മരംമുറിക്കുന്നില്ല; 
            ഡിപ്പോയില്‍ തേക്കുവില്‌പന നിലച്ചു



നിലമ്പൂര്‍: പ്രസിദ്ധമായ തേക്കുകള്‍ വളരുന്ന നിലമ്പൂര്‍ മേഖലയിലെ തോട്ടങ്ങളില്‍ തേക്കുമരം മുറി നടക്കുന്നില്ല. ഇതിനെത്തുടര്‍ന്ന് അരുവാക്കോടുള്ള വനംവകുപ്പ് സെന്‍ട്രല്‍ ഡിപ്പോയില്‍ മരംവില്പന നിലച്ചു. മരംമുറി അനിശ്ചിതമായി നീളുന്നതിനാല്‍ ഇതിനെ ആശ്രയിക്കുന്ന നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലും നഷ്ടമായി.

ഉള്‍ക്കാടുകളിലെ സ്വാഭാവിക വനങ്ങളില്‍നിന്ന് മരങ്ങള്‍ മുറിക്കാറില്ല. എന്നാല്‍ നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകള്‍ക്ക് കീഴിലായി ഹെക്ടര്‍ കണക്കിന് തേക്ക് തോട്ടങ്ങള്‍ വനംവകുപ്പിന്‍േറതായിട്ടുണ്ട്. ഒരു തോട്ടവും പരമാവധി 50 വര്‍ഷത്തിനപ്പുറം നിലനിര്‍ത്താറില്ല. സാധാരണ ഇതിനുമുമ്പെ മരങ്ങള്‍ മുറിക്കാറുണ്ട്. എന്നാല്‍ റെയ്ഞ്ച് തലത്തിലെ ഉദ്യോഗസ്ഥര്‍ മുതല്‍ ഡി.എഫ്.ഒ, സി.സി.എഫ് എന്നിവരുടെ വീഴ്ചമൂലം പല തോട്ടങ്ങളും ഇതുവരെ മുറിക്കാന്‍ നടപടികളായിട്ടില്ല.

1956ല്‍ പ്ലാന്റ്‌ചെയ്ത പത്ത് ഹെക്ടറോളം തേക്കുതോട്ടം മുറിക്കാനുള്ള നടപടികളൊന്നും ആയിട്ടില്ല. വനംവകുപ്പിന്റെ ഗവേഷണ വിഭാഗത്തിന്റെ കൈവശമായിരുന്ന തോട്ടം പിന്നീട് റെയ്ഞ്ചിന് കൈമാറി. 1957, 1958, 1959, 1960 വര്‍ഷങ്ങളില്‍ എടവണ്ണ റെയ്ഞ്ചിനുകീഴില്‍ പ്ലാന്റ്‌ചെയ്ത തോട്ടങ്ങളും മുറിക്കാനായതാണ്. ഇവയിലും നടപടികളായിട്ടില്ല. നിലമ്പൂര്‍ റെയ്ഞ്ചില്‍ വൈലാശ്ശേരിയില്‍ 1947ല്‍ പ്ലാന്റ്‌ചെയ്ത തോട്ടത്തിന്റെ സ്ഥിതിയും ഭിന്നമല്ല.

ഇടമുറി നടത്താനുള്ള തോട്ടങ്ങളില്‍ മുറിക്കേണ്ട മരങ്ങള്‍ മാര്‍ക്ക്‌ചെയ്തിട്ടുപോലും മുറിക്കാത്ത തോട്ടമുണ്ട്. വഴിക്കടവ് റെയ്ഞ്ചിലുള്ള ഈ തോട്ടം രണ്ടുവര്‍ഷം കഴിഞ്ഞ് വീണ്ടുമൊരു എസ്റ്റിമേറ്റ് തയ്യാറാക്കി മരങ്ങള്‍ മാര്‍ക്ക്‌ചെയ്യുകയുണ്ടായി. എന്നാല്‍, മുറിക്കല്‍ മാത്രം ഇപ്പോഴും നടന്നിട്ടില്ല. പണം ചെലവഴിച്ചത് മിച്ചം.

മരംമുറിക്കല്‍ അനിശ്ചിതമായി നീളുന്നതിനാല്‍ നിലമ്പൂരും നെടുങ്കയത്തും മരം ഡിപ്പോകളില്‍ കാര്യമായി മരമില്ല. ഇതോടെ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായി. മാത്രമല്ല സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ വരുമാനവും ഇല്ലാതാകുകയാണ്. രണ്ടുവര്‍ഷംമുമ്പ് നെടുങ്കയം മേഖലയിലുണ്ടായ ചുഴലിക്കാറ്റില്‍ അഞ്ചുകോടി രൂപയുടെ മരങ്ങളാണ് ഒന്നിനുംപറ്റാതെ നശിച്ചത്.

സാധാരണക്കാര്‍ക്ക് കുറഞ്ഞവിലയില്‍ തേക്കുമരം വീടുപണികള്‍ക്ക് കിട്ടാനായി ചില്ലറ വില്പന തുടങ്ങിയിരുന്നെങ്കിലും അടുത്തമാസത്തേക്ക് അതിനുള്ള മരങ്ങളും നിലമ്പൂരിലില്ല. കഴിഞ്ഞ മൂന്നുമാസമായി മാസംതോറും നടക്കുന്ന പൊതുലേലവും ഇവിടെ നടക്കുന്നില്ല. നിലവില്‍ നിലമ്പൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ നാല് ക്യൂബിക് മീറ്റര്‍ തേക്കുമരവും രണ്ട് ക്യൂബിക്മീറ്റര്‍ വീട്ടിമരവും മാത്രമാണുള്ളത്.

No comments: