Friday, November 4, 2011

നിലമ്പൂര്‍ ആസ്‌പത്രിയില്‍ എച്ച്.എം.സിയുടെ പരിഷ്‌കാരങ്ങള്‍ അടുത്തയാഴ്ച മുതല്‍



12 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങും

നിലമ്പൂര്‍: നിലമ്പൂര്‍ താലൂക്കാസ്​പത്രി മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി) യുടെ പ്രഖ്യാപിത പരിഷ്‌കാര നിര്‍ദേശങ്ങള്‍ പത്താംതീയതി മുതല്‍ നടപ്പാക്കുമെന്ന് എച്ച്.എം.സി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു.

പരിഷ്‌കാരനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് ഒരുമാസം കഴിഞ്ഞിട്ടും നടപ്പാക്കാനാകാതിരുന്നത് സംബന്ധിച്ച് 'മാതൃഭൂമി' ബുധനാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് എച്ച്.എം.സിയുടെ അടിയന്തരകാര്യ ഉപസമിതി വ്യാഴാഴ്ച രാവിലെ ആസ്​പത്രിഹാളില്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. എന്നാല്‍ ജീവനക്കാരുടെ പഞ്ചിങ്‌സമ്പ്രദായം നടപ്പാക്കുമെന്ന പ്രഖ്യാപനത്തില്‍നിന്ന് അധികൃതര്‍ പിറകോട്ട് പോയിരിക്കയാണ്.

ഒക്ടോബര്‍ രണ്ടുമുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഓപ്പറേഷന്‍ തിയേറ്ററിലേക്കും ലാബിലേക്കും പ്രസവവാര്‍ഡിലേക്കും ജനറേറ്റര്‍ സ്ഥാപിക്കും. ഒ.പി കെട്ടിടത്തിന് മുകള്‍നിലയിലെ പുതിയ വാര്‍ഡിലേക്ക് 20 കട്ടിലുകളും കിടക്കകളും വാങ്ങും. വാര്‍ഡിന്‍േറതടക്കമുള്ള ആസ്​പത്രിയിലെ പുതിയ സംവിധാനങ്ങളുടെയെല്ലാം ഉദ്ഘാടനം ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നവംബറില്‍ത്തന്നെ നിര്‍വഹിക്കും.

മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആസ്​പത്രിയിലെ ലബോറട്ടറിയിലേക്ക് സി.ബി.സി മെഷീന്‍ വാങ്ങും. പുതിയ മെഷീനില്‍ രക്തത്തിന്റെ എല്ലാ പരിശോധനകളും നടത്താനാകും.

പ്രസവമുറിയില്‍ ഡോപ്‌ളര്‍, യൂറോളജി ടേബിള്‍ എന്നിവയടക്കമുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കും. ഐ.സി.യു, ഓപ്പറേഷന്‍ തിയേറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് എന്നിവിടങ്ങളില്‍ രണ്ടുവീതം എയര്‍കണ്ടീഷണറുകള്‍ വാങ്ങും.

ഗൈനക്കോളജി വിഭാഗം ഒ.പി നേരത്തെ രണ്ടുദിവസമായിരുന്നത് മൂന്നുദിവസമാക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഗൈനക്കോളജി ഒ.പി. സ്‌കിന്‍, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ഇ.എന്‍.ടി, ഡെന്റല്‍ ഒ.പികള്‍ ആഴ്ചയില്‍ ആറുദിവസവും പ്രവര്‍ത്തിക്കും. ജനറല്‍ ഒ.പിയില്‍ ഒരേസമയം മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ഓര്‍ത്തോ വിഭാഗത്തിന്റെ ഒ.പി തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഉണ്ടായിരിക്കും.

എച്ച്.എം.സി തീരുമാനിച്ച പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ അധിക ജീവനക്കാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. 18 നഴ്‌സിങ്സ്റ്റാഫ്, ആറ് നഴ്‌സിങ് അസിസ്റ്റന്റ്, അഞ്ച് ഗ്രേഡ് രണ്ട് അറ്റന്‍ഡര്‍, ഡയാലിസിസില്‍ ഒന്നും ലാബില്‍ നാലും ടെക്‌നീഷ്യന്മാര്‍ എന്നിവരെയാണ് പുതിയതായി നിയമിക്കുക.

No comments: