Wednesday, November 9, 2011

ആഢ്യന്‍പാറ വൈദ്യുത പദ്ധതി: കരാറുകാരെ സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വൈകുന്നു


നിലമ്പൂര്‍: നിര്‍ദിഷ്ട ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലെ അനിശ്ചിതത്വം നീളുന്നു. കരാറുകാരെ സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വൈകുന്നതാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ തടസ്സം. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ് ആറുമാസം കഴിഞ്ഞിട്ടും സ്വന്തം മണ്ഡലത്തിലെ പദ്ധതിക്ക് ശാപമോക്ഷമായില്ല.

2007 ഒക്‌ടോബര്‍ 21നാണ് പദ്ധതി ഉദ്ഘാടനംചെയ്തത്. 2012 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടതിന്റെ ഭാഗമായാണ് ആഢ്യന്‍പാറയില്‍ 3.5 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതപദ്ധതി ആരംഭിച്ചത്. ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നും പരിസ്ഥിതി മലിനീകരണം കുറയ്ക്കാമെന്നും ലക്ഷ്യമിട്ടിരുന്നു. വിനോദസഞ്ചാര വികസന പദ്ധതികളെ ഉള്‍ക്കൊണ്ടുകൊണ്ടും വനജല ആവാസങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തിയുമുള്ള പദ്ധതിയാണിത്.

പദ്ധതിയുടെ 27.3 ചതുരശ്രകിലോമീറ്റര്‍ വൃഷ്ടി പ്രദേശത്തുനിന്നുള്ള ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിട്ടിരുന്നത്. വെള്ളച്ചാട്ടത്തിന് 1.25 കിലോമീറ്റര്‍ മുകളില്‍ തടയണ നിര്‍മിച്ച് 1174 മീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് കനാലിലൂടെ വൈദ്യുതി നിലയത്തിലെത്തിച്ച് വൈദ്യുതിയുണ്ടാക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്.

എന്നാല്‍ സമീപസ്ഥലങ്ങള്‍ ബോര്‍ഡിന്‍േറതല്ലാത്തതിനാല്‍ കനാല്‍ നിര്‍മാണത്തിനാവശ്യമായ പാറ പൊട്ടിക്കല്‍ സാധ്യമല്ലാതെവന്നു. ഇതേനീളത്തില്‍ പാറ തുരന്നുള്ള തുരങ്കമാക്കി കനാല്‍ പിന്നീട് മാറ്റി. ആദ്യത്തെ എസ്റ്റിമേറ്റില്‍ നിന്ന് ചെലവ് കൂടാനിത് ഇടയാക്കി. പദ്ധതി നിര്‍മാതാക്കളായ പെരുമ്പാവൂരിലെ ആര്യാ കോണ്‍ട്രാക്‌ടേഴ്‌സും പുണെയിലെ കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സും നിരക്ക് കൂട്ടിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബോര്‍ഡ് വഴങ്ങിയില്ല. ബോര്‍ഡുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ കേസ്സായതോടെ കരാറുകാരെ പദ്ധതിയുടെ നിര്‍മാണത്തില്‍ നിന്ന് പിരിച്ചുവിട്ടു. റീ ടെന്‍ഡര്‍ വിളിച്ചെങ്കിലും അതില്‍ ഏറ്റവും കുറഞ്ഞ നിരക്ക് എഴുതിയത് പിരിച്ചുവിട്ട അതേ കരാറുകാര്‍ തന്നെയായിരുന്നു.

ബോര്‍ഡുമായി തര്‍ക്കമുണ്ടായി കരാര്‍ ലംഘിച്ചതിനാല്‍ പിരിച്ചുവിട്ടവരെ വീണ്ടും അതേ ജോലി ഏല്പിക്കാനാവുമോ എന്ന കാര്യത്തില്‍ ബോര്‍ഡിന് തീരുമാനമെടുക്കാനായില്ല. ഈ സാഹചര്യത്തിലാണ് വൈദ്യുതിബോര്‍ഡ് തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഫയല്‍ ലഭിച്ച് ആറുമാസമായിട്ടും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. തീരുമാനം നീളുന്നത് പദ്ധതി പ്രവര്‍ത്തനം വൈകുന്നതോടൊപ്പം ചെലവും കൂടാനിടയാകും.

തടയണ, കനാല്‍, പവര്‍ഹൗസ്, മറ്റ് അനുബന്ധ ജോലികള്‍ എന്നിവയ്ക്കായി 1.6038 ഹെക്ടര്‍ റവന്യു ഭൂമിയും 5.75 ഹെക്ടര്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയും ഉള്‍പ്പെടെ 7.3538 ഹെക്ടര്‍ ഭൂമി മാത്രമാണ് ആവശ്യമുള്ളത്. ഇവിടെ ജനവാസമില്ലാത്തതിനാല്‍ കുടിയൊഴിപ്പിക്കല്‍ പ്രശ്‌നം ഉണ്ടാകുന്നുമില്ല.

No comments: