Wednesday, November 9, 2011

ഒരാഴ്ചയ്ക്കുള്ളില്‍ അപകടം പൊലിച്ചത് നാല് ജീവന്‍; ദുരന്തമൊഴിയാതെ മൂത്തേടം



എടക്കര: ദുരന്തങ്ങളില്‍ പ്രിയപ്പെട്ടവരുടെ ജീവിതങ്ങള്‍ പാതി വഴിയില്‍ അവസാനിക്കുമ്പോള്‍ മൂത്തേടം നിവാസികള്‍ക്ക് ഇത് കണ്ണീര്‍ക്കാലം. സ്വദേശത്തും വിദേശത്തുമായി അപകടങ്ങളില്‍പ്പെട്ട് 11 പേരെയാണ് പഞ്ചായത്തിന് ഒരുവര്‍ഷം കൊണ്ട് നഷ്ടമായത്. ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം പൊലിഞ്ഞത് നാല് ജീവനുകളാണ്. ഈ കണ്ണീര്‍ക്കാഴ്ചകളുടെ അവസാനത്തേതാണ് കാരപ്പുറം ഊമ്പിക്കാട്ടില്‍ വര്‍ഗീസ് ആന്റണിയെന്ന കൊച്ചിന്റെ അപകടമരണം. റിയാദില്‍ ഡ്രൈവറായിരുന്ന വര്‍ഗീസ് ആന്റണി സഞ്ചരിച്ച ട്രക്ക് മറ്റൊരുവാഹനവുമായി ഇടിച്ചായിരുന്നു അപകടം.

നാലുമാസം മുമ്പ് റിയാദിലുണ്ടായ തീപ്പിടിത്തത്തിലാണ് ചോളമുണ്ടയിലെ ചുള്ളിക്കുളവന്‍ കബീര്‍ മരിച്ചത്.

2010 നവംബര്‍ പത്തിനാണ് താളിപ്പാടം സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ്കുട്ടി, മാതാവ്, ഭാര്യ, മകള്‍ എന്നിവര്‍ എടവണ്ണയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.

മരുതങ്ങാട്ടെ മുഹമ്മദ് അഷറഫ് റിയാദിലും കാഞ്ഞിരംപറ്റ ജാഫര്‍ മസ്‌കറ്റിലും മുണ്ടോടന്‍ ഖാലിദ് ജിദ്ദയിലും വട്ടപ്പാടത്തെ ബിജുകുര്യന്‍ റിയാദിലും മരിച്ചത് അപകടത്തില്‍ തന്നെ.

റിയാദില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് താളിപ്പാടത്തെ മാന്തനത്ത് വര്‍ഗീസ് വ്യാഴാഴ്ചയാണ് മരിച്ചത്. തന്റെ ഫര്‍ണിച്ചര്‍ കടയില്‍നിന്നും ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനിടയിലാണ് അപകടം. സംഭവത്തില്‍ പരിക്കേറ്റ താളിപ്പാടം കാവിത്താഴ ജോമോന്‍ ഇപ്പോഴും ചികിത്സയിലാണ്. വര്‍ഗീസിന്റെ മൃതദേഹം ബുധനാഴ്ച താളിപ്പാടം കത്തോലിക്ക പള്ളിയില്‍ സംസ്‌കരിക്കും.

No comments: