Friday, November 4, 2011

       കവളമുക്കട്ടയില്‍ പുലി പശുക്കുട്ടിയെ കടിച്ചു



പൂക്കോട്ടുംപാടം: കവളമുക്കട്ട ജനവാസകേന്ദ്രത്തില്‍ പുലിയിറങ്ങി. കൈപ്പനശ്ശേരി നാസറിന്റെ നാലുമാസം പ്രായമുള്ള പശുക്കുട്ടിയെ ആക്രമിച്ചു. പശുക്കുട്ടിയുടെ കഴുത്തിന് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പശുക്കുട്ടിയുടെ കരച്ചില്‍കേട്ട് വീടിന് പുറത്തിറങ്ങി നോക്കിയപ്പോള്‍ പശുക്കുട്ടിയെ വിട്ട് പുലി ഓടുകയായിരുന്നെന്ന് നാസര്‍ പറഞ്ഞു. സമീപത്തായി പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തി. ടി.കെ കോളനി ഭാഗത്ത് പുലിയുടെ സാന്നിധ്യം മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും കവളമുക്കട്ടയില്‍ ഇതാദ്യമാണ്. അഞ്ചരഅടിയോളം നീളമുള്ള പുള്ളിപ്പുലിയാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്നാഴ്ചമുമ്പ് ടി.കെ കോളനി അങ്കണവാടിക്ക് സമീപത്തുനിന്ന് ടാപ്പിങ്‌തൊഴിലാളി പുലിയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. പുലര്‍ച്ചെ ബൈക്കില്‍ ജോലിക്ക് പോകുമ്പോള്‍ റോഡിന് കുറുകെ ചാടുകയായിരുന്നു. കൂടാതെ ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയുംചെയ്തു. പത്തോളം വളര്‍ത്തുമൃഗങ്ങളെ കടിച്ച് കൊന്നിട്ടുമുണ്ട്. എന്നാല്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനോ നടപടി സ്വീകരിക്കാനോ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ വനംവകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്. ഇതിനിടയിലാണ് കവളമുക്കട്ടയിലും പുലിയിറങ്ങിയത്. ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനുസമീപം കരുളായി റെയ്ഞ്ചില്‍നിന്നാണ് പുലിയിറങ്ങിയതെന്ന് കരുതുന്നു. കാട്ടാനശല്യംകൂടി സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്.

നെടുങ്കയം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ടി.പി. മുഹമ്മദ്, ട്രെയിനി റെയ്ഞ്ച് ഓഫീസര്‍ സി. അജീഷ്, ഫോറസ്റ്റര്‍ മഞ്ചീരി ബാലന്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. അമരമ്പലം വെറ്ററിനറി സര്‍ജന്‍ മുഹമ്മദ് ബഷീര്‍ പശുക്കുട്ടിയെ പരിശോധിച്ചു. പശുക്കുട്ടിയുടെ ശ്വാസനാളത്തിനാണ് കടിയേറ്റിട്ടുള്ളതെന്ന് ഡോക്ടര്‍ പറഞ്ഞു. നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ സി.വി. രാജന്‍, കാളികാവ് റെയ്ഞ്ച് ഓഫീസര്‍ സജികുമാര്‍ രായരോത്ത് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

Sunday, May 22, 2011

ആര്യാടന്‍ നാലാം തവണ; അനില്‍കുമാറിന് രണ്ടാമൂഴം

ആര്യാടന്‍ മുഹമ്മദ് നാലാംതവണ മന്ത്രിപദത്തിലെത്തുമ്പോള്‍ എ.പി.അനില്‍കുമാറിനിത് രണ്ടാമൂഴമാണ്. മലയോര മേഖലയിലെ രണ്ട് ജനപ്രതിനിധികളും ഒരുമിച്ച് മന്ത്രിക്കസേരയിലെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് നാട്. വികസന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

സ്വന്തം തട്ടകമായ നിലമ്പൂരില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ആര്യാടന്‍ ഇത് പതിനൊന്നാം തവണയായിരുന്നു ജനവിധി തേടിയത്. കടുത്ത മത്സരത്തെ മറികടന്നുകൊണ്ട് തന്നെയായിരുന്നു ഇത്തവണ അദ്ദേഹം വിജയം സ്വന്തമാക്കിയത്. ഇനിയൊരിക്കല്‍ക്കൂടി തിരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് ഇതിനിടെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

എട്ടാം തവണയാണ് അദ്ദേഹം വിജയിക്കുന്നത്. ഇതില്‍ ആറും തുടര്‍ച്ചയായ വിയജങ്ങളുമായിരുന്നു. 1980 ലും 1995 ലും 2005 ലുമാണ് ഇതിനുമുമ്പ് ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിട്ടുള്ളത്. 2005-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതിവകുപ്പായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്.

അനില്‍കുമാര്‍ വണ്ടൂര്‍ തന്നെയാണ് തന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ വേദിയാക്കിയത്. മൂന്നുതവണയും വിജയം സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ സാംസ്‌കാരിക മന്ത്രിയുമായിരുന്നു.

ജില്ലയില്‍ ഇത്തവണ വിജയിച്ച രണ്ട് കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചതില്‍ അണികളും ആഹ്ലാദത്തിലാണ്. പ്രത്യേകിച്ചും മലയോര മേഖലയിലെ പ്രധാന വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്കുള്ളത്.

മലയോര കര്‍ഷകരുടെ ഉറക്കംകെടുത്തുന്ന വന്യമൃഗ ശല്യം തടയാന്‍ ഇരുമന്ത്രിമാരും നടപടി കൈക്കൊള്ളണമെന്നും മലയോര കര്‍ഷകര്‍ ആവശ്യപ്പെട്ടു.
(കടപ്പാട് - മാതൃഭൂമി)

Monday, May 2, 2011

ആഢ്യന്‍പാറവെള്ളച്ചാട്ടത്തില്‍ വീണ് 2 പേര്‍ മരണമടഞ്ഞു

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിലമ്പൂരിലെ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് പേര്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശികളായ ജനീഷ്, അമീര്‍ സാദിഖ് എന്നിവരാണ് മരിച്ചത്.

ചരിഞ്ഞുള്ള വെള്ളച്ചാട്ടത്തിനകത്ത് ഒളിഞ്ഞിരിക്കുന്ന ചെറിയ കിണറുകള്‍പോലുള്ള കുഴികളെക്കുറിച്ച് ഇവിടെ വരുന്നവര്‍ക്ക് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. മലപ്പുറം ജില്ലയില്‍ സഞ്ചാരികളെ ഏറ്റവുംകൂടുതല്‍ ആകര്‍ഷിക്കുന്ന വിനോദ കേന്ദ്രങ്ങളിലൊന്നാണ് ആഢ്യന്‍പാറവെള്ളച്ചാട്ടം. ഏതുസമയത്തും വന്‍തിരക്ക് അനുഭവപ്പെടാറുള്ള ഇവിടെ ഇക്കാരണംകൊണ്ടുതന്നെ അപകടത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇവിടെ ലൈഫ്ഗാര്‍ഡിനെ നിയമിക്കണമെന്നും മുന്നറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ചാലിയാര്‍ പഞ്ചായത്ത് അധികൃതര്‍ ഇതേവരെ പരിഗണിച്ചിട്ടില്ല.
(കടപ്പാട് - മാത്യഭൂമി)

Monday, April 25, 2011

കാട്ടാനയെ ചെറുക്കാന്‍ നിലമ്പൂരില്‍ ജൈവവേലി തീര്‍ക്കുന്നു

 സൗരോര്‍ജ്ജവേലികള്‍ തീര്‍ക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയും അവയുടെ പരിമിതികളും കൊണ്ട് ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്കായി കാട്ടാനയെ ചെറുക്കാന്‍ മുള്ളുള്ള ചെടികളായ അകൈവ്, പതിമുഖം എന്നിവകൊണ്ടുള്ള വേലി ഒരുങ്ങുന്നു. വനാതിര്‍ത്തികളില്‍ ജൈവവേലി നിര്‍മിക്കുന്നതിനായി നിലമ്പൂര്‍ ചെറുപുഴയിലെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്റെ പിന്നാമ്പുറത്തെ നഴ്‌സറിയിലാണ് അകൈവ്, പതിമുഖം, പന എന്നിവ ഒരുങ്ങുന്നത്.

കാട്ടാനശല്യം രൂക്ഷമായ കരുളായി ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയിലുള്ള പ്രദേശങ്ങളിലായിരിക്കും പതിമുഖം, അകൈവ് എന്നിവകൊണ്ടുള്ള ജൈവവേലി നിര്‍മിക്കുക. പഞ്ചായത്തധികൃതരും വനംവകുപ്പും കര്‍ഷകരും ചേര്‍ന്ന് നേരത്തെ നടത്തിയ യോഗത്തില്‍ ആനശല്യം തടയുന്നതിന് ഇത്തരം വേലി നിര്‍മിക്കാമെന്ന് വനംവകുപ്പ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവ നട്ടുപിടിപ്പിച്ചത്. കരുളായി വനമേഖലയിലെ നെടുങ്കയം-മുണ്ടക്കടവ് റോഡരികിലെ തേക്കുതോട്ടത്തില്‍ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പതിമുഖം നട്ടുപിടിപ്പിച്ചിരുന്നു. ഇവ വളര്‍ന്നശേഷം ആനകള്‍ ഈ പ്രദേശത്തേക്ക് വരാറില്ലായിരുന്നു. ഈ വസ്തുത ചൂണ്ടിക്കാട്ടിയാണ് പതിമുഖവേലിയെന്ന പുതിയ ആശയം ഉദിച്ചത്.

മുള്ളുള്ള കുറ്റിച്ചെടിയാണ് പതിമുഖം. ഇത് രണ്ടു നിരകളിലായി അടുത്തടുത്ത് വെച്ചുപിടിപ്പിച്ചാല്‍ ഇവ മുറിച്ചുകടന്ന് ആനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങില്ലെന്നാണ് അധികൃതരുടെ പ്രത്യാശ. ജൈവവേലിക്കായിട്ട് ഉപയോഗിക്കുന്ന സസ്യമാണ് അകൈവ്. ഇലകളില്‍ മുള്ളുള്ള ഈ ചെടി ഒരാള്‍ പൊക്കത്തില്‍ വളരും. ഇതും രണ്ടുനിരയായി നടാനാണ് പരിപാടി. വയനാട് പോലുള്ള സ്ഥലങ്ങളില്‍ അകൈവ് ഉപയോഗിച്ചുള്ള ജൈവവേലിയുണ്ട്. നിലമ്പൂര്‍ മേഖലയില്‍ ഇത് ആദ്യമായാണ് പരീക്ഷിക്കുന്നത്. വയനാട്ടില്‍ നിന്ന് തൈ കൊണ്ടുവന്നാണ് ഇത് വളര്‍ത്തുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ കല്ലേന്തോട് ഭാഗത്തായിരിക്കും ജൈവവേലി നിര്‍മിക്കുക. ഇത് വിജയകരമായാല്‍ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം നഴ്‌സറിയില്‍ പനയും ഒരുങ്ങുന്നുണ്ട്.

ആനയ്ക്ക് ഏറെ ഇഷ്ടപ്പെട്ട പനകള്‍ കാട്ടില്‍ വെച്ചുപിടിപ്പിക്കുന്നതിനാണിത്. ആനയ്ക്ക് ആവശ്യമായ ഭക്ഷണം വനത്തില്‍നിന്ന് ലഭിച്ചാല്‍ ആന നാട്ടിലിറങ്ങുന്നത് തടയാന്‍ കഴിയുമെന്നും ബന്ധപ്പെട്ടവര്‍ കരുതുന്നു.

നെടുങ്കയം വനസംരക്ഷണ സമിതിയാണ് നഴ്‌സറി പരിപാലിക്കുന്നത്.
(കടപ്പാട് - മാതൃഭൂമി)

Monday, April 18, 2011

നിലമ്പൂരില്‍ ആര്? അവകാശവാദങ്ങളുമായി ഇരുമുന്നണികളും രംഗത്ത്


മത്സരം പൊടിപാറിയ നിലമ്പൂര്‍ മണ്ഡലത്തില്‍ അവകാശവാദങ്ങളുമായി ഇരുമുന്നണികളും രംഗത്ത്. 2006ലെ തെരഞ്ഞെടുപ്പില്‍ 18,070 വോട്ട് ഭൂരിപക്ഷം നേടിയ ആര്യാടന്‍റെ വിജയം ഇത്തവണ അനായാസമാവില്ലെന്നാണ് വിലയിരുത്തല്‍. യു.ഡി.എഫിന്‍റെ ശക്തികേന്ദ്രങ്ങളായ ചോക്കാട്, കാളികാവ്, ചാലിയാര്‍ പഞ്ചായത്തുകള്‍ മണ്ഡലത്തില്‍നിന്ന് വേറിട്ടതാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷത്തിന് കാരണം. 77.7 ശതമാനമാണ് ഇത്തവണ വോട്ടിങ് നില. 2006ല്‍ ഇത് 72.25 ശതമാനമായിരുന്നു. ശതമാനം കൂടിയത് തങ്ങള്‍ക്ക് തുണയായതായി ഇരു മുന്നണികളും അവകാശപ്പെടുന്നു. എന്നാല്‍, യു.ഡി.എഫ് മുന്നണിയിലെ ഉലച്ചില്‍ അവസാന ഘട്ടത്തില്‍ തങ്ങള്‍ക്ക് ഗുണകരമായെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ അവകാശപ്പെടുന്നു.

മണ്ഡലത്തില്‍ ഇക്കുറി മത്സരം കടുത്തതായിരുന്നെങ്കിലും ആര്യാട
ന്‍റെ വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ എത്രകണ്ട് വോട്ട് പിടിക്കുന്നുണ്ട് എന്നത് ഇത്തവണ ജയപരാജയങ്ങളെ സ്വാധീനിക്കും.

2,000നും 3,000നുമിടയില്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് പ്രഫ. തോമസ് മാത്യു ജയിക്കുമെന്ന് ബൂത്തുതലത്തിലുള്ള കണക്കുകള്‍ നിരത്തി എല്‍.ഡി.എഫ് അവകാശപ്പെടുന്നു. എന്നാല്‍, പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ആര്യാടന്‍ നേടുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം.
കടപ്പാട് - മാധ്യമം

മല്‍സ്യക്കൃഷിക്കു ഇടവിളയായി കാബേജും കോളിഫ്ളവറും...

 മല്‍സ്യ കൃഷിയിടത്തില്‍ ഇടവിളയായി കാബേജും കോളിഫ്ളവറും കൃഷി ചെയ്ത് ഹുസൈന്‍ മാതൃക കാണിക്കുന്നു. ശുദ്ധജല മല്‍സ്യക്കൃഷിയില്‍ അവാര്‍ഡ് നേടിയ നിലമ്പൂര്‍  വല്ലപ്പുഴ ചാലിയില്‍ ചെമ്മല ഹുസൈനാണ് ശീതകാല പച്ചക്കറി കൃഷിയിലും വിജയം നേടിയത്.

മല്‍സ്യക്കുളങ്ങളുടെ ഇടവരമ്പുകളില്‍ തെങ്ങിനും വാഴയ്ക്കും തീറ്റപ്പുല്ലിനും ഇടയിലാണ് ഹുസൈന്റെ കോളിഫ്ളവര്‍, കാബേജ് കൃഷി.  മണ്ണിര കംപോസ്റ്റും ബയോഗ്യാസ് സ്ളറിയും അടിവളമായി ചേര്‍ത്തു. കീടങ്ങളെ അകറ്റാന്‍ വേപ്പെണ്ണയും ജൈവ കീടനാശിനികളുമാണ് മാത്രമാണിദ്ദേഹം ഉപയോഗിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ ഉച്ചയ്ക്ക് ഇലകളില്‍ വെള്ളം തളിച്ചുകൊടുക്കും. ജലസേചനം ഒരു നേരം മാത്രം.

ജില്ലയിലെ മികച്ച മല്‍സ്യ കര്‍ഷകനായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുത്ത ഹുസൈന്‍റെ ആറേക്കറില്‍ കട്ല, രോഹു, ഗ്രാസ് കാര്‍പ്പ്, മൃഗാല്‍, തിലോപ്പിയ, കോഴിക്കാര്‍പ്പ്, നട്ടര്‍, ആറ്റുകൊഞ്ച്, വാളനാടന്‍ മുശി, വരാല്‍ എന്നിവ വളര്‍ത്തുന്നുണ്ട്. ഭാര്യ ആയിഷയാണ് ഹുസൈനെ സഹായിക്കുന്നത്. മല്‍സ്യക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങുന്ന 20 ന് കലക്ടര്‍, സിഡബ്ള്യുആര്‍ഡിഎ, കൃഷി, ഫിഷറീസ് വകുപ്പ് ഉന്നതോദ്യോഗസ്ഥരും കൃഷിയിടം സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്.
കടപ്പാട് - മനോരമ

Friday, April 15, 2011

മലയിറങ്ങിയെത്തിയ മാതന്‍ ഇക്കുറിയും നിരാശനായി മടങ്ങി

ജനാധിപത്യത്തില്‍ പങ്കാളിയാകുന്നതിന് മലയിറങ്ങിയെത്തിയ മാതന് നിരാശനായി മടങ്ങേണ്ടിവന്നു. വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനെത്തുടര്‍ന്നാണ് പ്രാക്തന ഗോത്രവര്‍ഗത്തില്‍പ്പെട്ട താളിപ്പുഴ മാതന് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ കഴിയാതെ പോയത്.

നിലമ്പൂര്‍ കരുളായി ഉള്‍വനത്തിലെ മാഞ്ചീരിയില്‍ വസിക്കുന്ന മാതന്‍ 20 കിലോമീറ്റര്‍ ദൂരംതാണ്ടി ഒമ്പതുമണിയോടെയാണ് വനമധ്യത്തിലെ നെടുങ്കയം റസ്റ്റ്ഹൗസിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ എത്തിയത്. തിരിച്ചറിയല്‍ കാര്‍ഡുമായെത്തിയ ഈ 58കാരന്റെ പേര് വോട്ടര്‍പ്പട്ടികയില്‍ കണ്ടില്ല. ഇതേത്തുടര്‍ന്ന് നിരാശനായ മാതന്‍ കൂടെ വന്നവര്‍ വോട്ടുരേഖപ്പെടുത്തുന്നത് ഏറെനേരം നോക്കിനിന്നു. പിന്നെ നിരാശയോടെ വീണ്ടും മലകയറി.

ഇത് രണ്ടാംതവണയാണ് വോട്ടെടുപ്പ് കേന്ദ്രത്തിലെത്തി വോട്ട് രേഖപ്പെടുത്താനാകാതെ മാതന്‍ മടങ്ങുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ മാതന് വോട്ടുചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതിനുമുമ്പുള്ള തിരഞ്ഞെടുപ്പുകളില്‍ മാതന്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

മുണ്ടക്കടവ് ആദിവാസി കോളനിയിലെ കുറുമ്പന്റെ ഭാര്യ മാതി (55)ക്കും വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ ഇക്കുറി വോട്ടുചെയ്യാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വോട്ടുരേഖപ്പെടുത്തിയ കുറുമ്പി ഇക്കുറി വോട്ടുചെയ്യാന്‍ കഴിയാത്തതിനാല്‍ ഏറെ നിരാശയോടെയാണ് മടങ്ങിയത്. കൂടെയെത്തിയ ഭര്‍ത്താവും മകളും വോട്ട് രേഖപ്പെടുത്തുകയുംചെയ്തു.
കടപ്പാട് -  മാതൃഭൂമി

Thursday, April 14, 2011

നിലമ്പൂരില്‍ 76.5% പോളിങ്

കനത്ത മത്സരം നടക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഢലത്തില്‍ 76.5% ശതമാനം പോളിങ് രേഖപ്പെടുത്തി. പെരിന്തമണ്ണയിലാണ് ജില്ലയിലെ ഉയര്ന്ന പോളിങ് നിരക്ക് - 81.3% . തിരൂരങ്ങാടിയിലാണ് കുറവ് പോളിങ് - 65.8%
മലപ്പുറം ജില്ലയിലെ മറ്റു മണ്ഢലങ്ങളിലെ പോളിങ്
KONDOTTY 75.2% ERANAD 80.3%

NILAMBUR 76.5% WANDOOR 72.5%

MANJERI 70.3% PERINTHALMANNA 81.3%

MANKADA 72.4% MALAPPURAM 72.4%

VENGARA 68.9% VALLIKKUNNU 71.1%

TIRURANGADI 65.8% TANUR 74.0%

TIRUR 75.7% KOTTAKKAL 70.7%

THAVANUR 77.1% PONNANI 76.2%

Wednesday, January 7, 2009

നിലമ്പൂര്‍ വലിയകളംപാട്ടിന് തുടക്കമായി

കിഴക്കന്‍ ഏറനാടിന്‍റെ ഉത്സവമായ നിലമ്പൂര്‍ വലിയകളംപാട്ടിന് തുടക്കമായി. വേട്ടയ്‌ക്കൊരു മകന്‍ കാവില്‍ നടന്നുവരുന്ന കളംപാട്ടുത്സവത്തില്‍ ഏറ്റവും പ്രാധാന്യമേറിയതാണ്‌ വലിയകളംപാട്ട്‌. ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ ക്ഷേത്രം ഊട്ടുപുരയിലും പരിസരത്തുമായി സര്‍വാണി സദ്യ നടക്കും. കാലത്ത്‌ 11മണിയോടെ ആരംഭിക്കുന്ന സദ്യ ഉച്ചയ്‌ക്ക്‌ 3 മണി വരെ നീളും. നിലമ്പൂര്‍ കാടുകളിലെ ആദിവാസികളും മറ്റും കുടുംബത്തോടെ സദ്യക്കെത്തുക പതിവാണ്‌.
100 പറയുടെ ചോറാണ്‌ ഇവിടെ വിളമ്പാറ്‌. സന്ധ്യക്ക്‌ ക്ഷേത്രമുറ്റത്ത്‌ തായമ്പകയും അരങ്ങേറും. ബുധനാഴ്‌ച രാത്രി കരുവന്‍കാവില്‍ നിന്ന്‌ ക്ഷേത്രത്തിലേക്ക്‌ വാദ്യമേളങ്ങളോടെ ആനയെഴുന്നള്ളിപ്പും ഉണ്ട്‌. വ്യാഴാഴ്‌ച രാത്രിയിലെ എഴുന്നള്ളത്തിനുശേഷം ക്ഷേത്രത്തില്‍ പന്തീരായിരം തേങ്ങയേറ്‌ നടക്കും.

പാട്ടിനോടനുബന്ധിച്ചു നടക്കുന്ന പാട്ടുല്‍സവ് ടൂറിസം ഫെസ്റ്റിവല്‍ -09 ല്‍ ഇറാനിയന്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തും.

ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ 2.30ന് ഗ്രീന്‍ ആര്‍ട്ട് ഓഡിറ്റോറിയത്തില്‍ മക്മല്‍ ബഫിന്റെ ദി സൈലന്‍സ് പ്രദര്‍ശിപ്പിക്കും.

Sunday, October 5, 2008

ഒന്നര നൂറ്റാണ്ട്‌ പഴക്കമുള്ള നിലമ്പൂര്‍തേക്ക്‌ ലേലത്തിന്‌

ഒന്നര നൂറ്റാണ്ട്‌ പഴക്കമുള്ള നിലമ്പൂര്‍തേക്ക്‌ ലേലത്തിന്‌:
നിലമ്പൂരിലെ പ്രസിദ്ധമായ മനുഷ്യനിര്‍മിത തേക്കുതോട്ടമായ കനോലി പ്ലോട്ടില്‍ നിന്ന്‌ 162 വര്‍ഷം പഴക്കമുള്ള രണ്ട്‌ തേക്കുമരങ്ങള്‍ പൊതുലേലത്തില്‍ വില്‍ക്കുന്നു. ഒക്ടോബര്‍ 29ന്‌ നിലമ്പൂര്‍ അരുവാക്കോട്‌ ഫോറസ്റ്റ്‌ സെന്‍ട്രല്‍ ഡിപ്പോയില്‍ വെച്ചാണ്‌ ലേലം നടക്കുകയെന്ന്‌ വനംവകുപ്പ്‌ അധികൃതര്‍ അറിയിച്ചു.

ലോകത്തിലെ ആദ്യത്തെ മനുഷ്യനിര്‍മിത തേക്കുതോട്ടമാണ്‌ 'കനോലി പ്ലോട്ട്‌'. അവിടെനിന്ന്‌ ശേഖരിച്ച ഇത്രയും വലിപ്പമുള്ള തേക്ക്‌ തടികള്‍ പൊതുലേലത്തില്‍ വില്‌പനയ്‌ക്ക്‌ വെക്കുന്നതും ആദ്യമാണ്‌. നികുതിയുള്‍പ്പെടാതെ രണ്ട്‌ മരങ്ങളില്‍നിന്നുമായി ശേഖരിച്ച മൊത്തംതടികള്‍ക്ക്‌ 50 ലക്ഷം രൂപയോളം ലഭിക്കുമെന്നാണ്‌ വനംവകുപ്പ്‌ പ്രതീക്ഷിക്കുന്നത്‌.

1800-കളില്‍ ബോംബെ ഡോക്‌യാര്‍ഡില്‍ നിലമ്പൂര്‍ തേക്കുകളാണ്‌ കപ്പലുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്‌. സ്വാഭാവിക വനങ്ങളില്‍നിന്ന്‌ വന്‍തോതില്‍ തേക്കുതടികള്‍ ശേഖരിച്ച്‌ കൊണ്ടുപോയിരുന്നു. ഇത്‌ തേക്ക്‌തടികളുടെ ദൗര്‍ലഭ്യത്തിന്‌ കാരണമായേക്കുമെന്ന്‌ കണ്ട്‌ അന്നത്തെ മലബാര്‍ കളക്ടറായിരുന്ന എച്ച്‌.വി.കനോലിയുടെ നിര്‍ദേശപ്രകാരം ഫോറസ്റ്റ്‌ കണ്‍സര്‍വേറ്ററായിരുന്ന ചാത്തുമേനോന്‍ വെച്ചുപിടിപ്പിച്ച തേക്കുതോട്ടമാണ്‌ 'കനോലി പ്ലോട്ട്‌'.

ഇന്ന്‌ കേരള വനംവകുപ്പിന്റെ ഗവേഷണവിഭാഗം 'പെര്‍മനന്റ്‌ പ്രിസര്‍വേഷന്‍ പ്ലോട്ട്‌' ആയി ഇത്‌ പരിചരിക്കുന്നു. 5.675 ഏക്കര്‍ വിസ്‌തൃതിയുള്ള ഈ തോട്ടത്തിലെ 119 മരങ്ങളില്‍ രണ്ടെണ്ണമാണ്‌ ലേലത്തിന്‌ വെക്കുന്നത്‌.

14.614 ഘനമീറ്റര്‍ തടിയാണ്‌ ലേലത്തിനുള്ളത്‌. ഇതില്‍, തേക്കുതടികളുടെ നിലവിലുള്ള ഏറ്റവും ഉയര്‍ന്ന എക്‌സ്‌പോര്‍ട്ട്‌ എല്‍.എല്‍ ക്ലാസില്‍പ്പെട്ട മൂന്ന്‌ കഷണം തടികള്‍ക്ക്‌ പൊതുലേലത്തില്‍ ഘനമീറ്ററിന്‌ അഞ്ചുലക്ഷം രൂപയെങ്കിലും വില ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ഇതില്‍ ഏറ്റവുംവലിയ തടിക്കഷണത്തിന്‌ 745 സെന്റിമീറ്റര്‍ നീളവും 255 സെന്റിമീറ്റര്‍ മധ്യവണ്ണവും 3.028 ഘനമീറ്റര്‍ വ്യാപ്‌തവുമുണ്ട്‌. കൂടാതെ, എ.ബി.സി വിഭാഗത്തില്‍പ്പെടുന്ന എക്‌സ്‌പോര്‍ട്ട്‌ ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌ ക്ലാസില്‍പ്പെടുന്ന തടികളും വില്‌പനയ്‌ക്കൊരുക്കിയിട്ടുണ്ട്‌.